
ഡി ഗുകേഷിന് പിന്നാലെ ഇന്ത്യയിലേക്ക് മറ്റൊരു ലോക് ചെസ് കിരീടം കൂടി. ലോക വനിത റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപി കിരീടമണിഞ്ഞു.
ദില്ലി: ലോക ചെസില്‍ വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം. വനിത റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപി കിരീടമണിഞ്ഞു. ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ വനിത വിഭാഗത്തില്‍ പതിനൊന്നാം റൗണ്ട് ജയത്തോടെയാണ് കൊനേരു ഹംപി ചാമ്പ്യനായത്. പതിനൊന്നാം റൗണ്ടില്‍ ഇന്തോനേഷ്യന്‍ താരത്തെയാണ് കൊനേരു ഹംപി തോല്‍പ്പിച്ചത്. ന്യൂയോര്‍ക്കില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് കൊനേരു ഹംപി കിരീടമണിഞ്ഞത്.
10 താരങ്ങള്‍ മത്സരിച്ച ചാമ്പ്യന്‍ഷിപ്പില്‍ എട്ടര പോയിന്റുമായാണ് കൊനേരു ഹംപി ഒന്നാമത്തെത്തിയത്. അവസാന ദിവസം ഏഴ് താരങ്ങള്‍ക്ക് കിരീടസാധ്യത ഉണ്ടായിരുന്നെങ്കിലും, കറുത്ത കരുക്കളുമായി കളിച്ച ഹംപി മാത്രമാണ് ജയിച്ചത്. കൊനേരു ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. രണ്ട് തവണ ലോക റാപ്പിഡ് ചാമ്പ്യന്‍ ആകുന്ന രണ്ടാമത്തെ വനിതയാണ് ആന്ധ്രാപ്രദേശുകാരിയായ കൊനേരു ഹംപി.2019ല്‍ മോസ്‌കോയിലും കൊനേരു ഹംപി കിരീടം നേടിയിരുന്നു. ഡി.ഗുകേഷ് ലോക ചെസ് ചാമ്പ്യന്‍ ആയതിന്റെ ആരവം അടങ്ങും മുന്‍പാണ് ഹംപിയുടെ കിരീടനേട്ടം. പുരുഷ വിഭാഗത്തില്‍ പതിനെട്ടുകാരന്‍ വൊളോദര്‍ മുര്‍സിന്‍ അപ്രതീക്ഷിതമായി ചാംപ്യന്‍ ആയി.




