Home National ഗോവധ കലാപം: ഒന്നാം പ്രതി യോഗേഷിന്റെ മൊഴിയില്‍ വൈരുധ്യങ്ങള്‍

ഗോവധ കലാപം: ഒന്നാം പ്രതി യോഗേഷിന്റെ മൊഴിയില്‍ വൈരുധ്യങ്ങള്‍

1
0

ലക്നൗ: ബുലന്ദ്ഷഹറിനടുത്ത് പശുവിന്റെ ജഡം കണ്ടതിനെ തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ക്കിടെ ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി യോഗേഷ് രാജിന്റെ മൊഴിയില്‍ വൈരുധ്യങ്ങളേറെ. പുലര്‍ച്ചെ കാടിനു സമീപം ന്യൂനപക്ഷ സമുദായക്കാരായ ആറ് പേര്‍ ചേര്‍ന്ന് പശുക്കളെ കൊല്ലുന്നത് കണ്ടു എന്നാണ് യോഗേഷിന്റെ പറയുന്നത്. കരിമ്പുപാടത്ത് കെട്ടിത്തൂക്കിയ നിലയിലായിരുന്നു പശുക്കളുടെ അവശിഷ്ടങ്ങള്‍ എന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ അധികൃതരില്‍ ഒരാളായ തഹസില്‍ദാര്‍ രാജ്കുമാര്‍ പറയുന്നു. രാവിലെ 11 മണിയോടെയാണ് വിവരം അറിഞ്ഞതെന്നും അദ്ദേഹം പറയുന്നു. തലേദിവസം രാത്രിവരെ അവിടെ അങ്ങനെയൊന്നും കണ്ടിരുന്നില്ലെന്ന് സ്ഥലവാസികള്‍ ഉറപ്പിച്ചു പറയുന്നു. പശുക്കളെ കശാപ്പ് ചെയ്താല്‍ പോലും സംസ്ഥാനത്തെ സാഹചര്യം അറിയുന്ന ആരും അവശിഷ്ടങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ ധൈര്യപ്പെടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

തുടര്‍ന്ന് അവിടെ തടിച്ചുകൂടിയ ഹിന്ദു യുവവാഹിനി, ബജ്‌രംഗ്ദള്‍, വി.എച്ച്.പി പ്രവര്‍ത്തകര്‍ ഈ അവശിഷ്ടങ്ങള്‍ ട്രാക്ടറില്‍ കയറ്റി അതുമായി ദൂരെയുള്ള ബുലന്ദ്ഷഹര്‍ ദേശീയപാത ഉപരോധിക്കുകയായിരുന്നു. പ്രതിഷേധിക്കാനായി തിരഞ്ഞെടുത്ത സ്ഥലവും സമയവും സംശയം ബലപ്പെടുത്തുന്ന മറ്റൊരു സംഗതിയാണ്. പ്രതിഷേധക്കാര്‍ തമ്പടിച്ചതിനോട് ചേര്‍ന്ന് മുസ്ലീം പള്ളിയുണ്ടെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ഇവിടെ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കായി ലക്ഷക്കണക്കിനാളുകളാണ് തിങ്കളാഴ്ച എത്തിയത്. പള്ളിയില്‍നിന്ന് മടങ്ങുന്നവര്‍ വരുന്ന വഴിയിലാണ് ഗോസംരക്ഷകരെന്ന വ്യാജേന ആള്‍ക്കൂട്ടം തടിച്ചുകൂടിയതും അക്രമം അഴിച്ചുവിട്ടതും.

സംഘര്‍ഷവും വര്‍ഗീയകലാപത്തിനുള്ള സാധ്യതയും മുന്നില്‍ക്കണ്ട് സുബോധ് കുമാര്‍ അടങ്ങുന്ന പൊലീസ് സംഘം അവിടേക്ക് പാഞ്ഞെത്തുകയായിരുന്നു. സുബോധ് കുമാറും സംഘവും പ്രതിഷേധക്കാരുമായി സംസാരിച്ച് പ്രതിഷേധം തണുപ്പിക്കാന്‍ ശ്രമിച്ചു. പ്രശ്നം ഗ്രാമത്തില്‍ തന്നെ പറഞ്ഞുതീര്‍ക്കാന്‍ ശ്രമിച്ചതായി തഹസില്‍ദാരും പറയുന്നു.

സംഭവത്തെക്കുറിച്ച് മജിസ്ട്രേട്ട്തല അന്വേഷണത്തിനും എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു. സുബോധിന്റെ കുടുംബത്തിന് 40 ലക്ഷം രൂപയും മാതാപിതാക്കള്‍ക്കു 10 ലക്ഷം രൂപയും കുടുംബത്തിലൊരാള്‍ക്കു സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here