ലഖ്നൗ: ബൂലന്ദ്ഷഹര്‍ കലാപത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി ഒ.പി. സിങ്. ‘ബൂലന്ദ്ഷഹറിലുണ്ടായ സംഭവം വലിയ ഗൂഢാലോചനയാണ്. ഇത് വെറുമൊരു ക്രമസമാധാന പ്രശ്നം മാത്രമല്ല. എങ്ങനെയാണ് പശുവിന്റെ ജഡം ഇവിടെ എത്തിയത്. ആര് കൊണ്ടു വന്നു?. എന്തിന് ഏത് സാഹചര്യത്തില്‍?’, ഇതെല്ലാം അനേഷിക്കേണ്ടിയിരിക്കുന്നു എന്നാണ് പൊലീസ് മേധാവിയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ മനപ്പൂര്‍വ്വം സാമുദായിക കലാപം സൃഷ് ടിക്കാനുള്ള ശ്രമമായിരുന്നോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്.
പശുവിന്റെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്ന് 400 പേരോളം വരുന്ന ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോയ പൊലീസ് ഇന്‍സ്പെക്ടറായ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ടത് രാജ്യവ്യാപക ശ്രദ്ധ നേടിയിരുന്നു. കൊലപാതകം നടന്ന് രണ്ടു ദിവസമായിട്ടും പ്രതികളെ പിടിക്കാത്തതും ഇന്‍സ്‌പെക്ടറുടെ കൊലപാതകത്തില്‍ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി ആദിത്യനാഥ്, പശുക്കളെ കൊന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നു പറഞ്ഞതും വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. അതിനിടെയാണ് കൊലപാതകം ആസൂത്രിതമായിരുന്നെന്ന് ഇപ്പോള്‍ പൊലീസ് വെളിപ്പെടുത്തുന്നത്.
പശുവിന്റെ ജഡത്തിന്റെ പഴക്കം എത്രയെന്ന ഉടന്‍ നിര്‍ണയിക്കുമെന്ന് ഒ.പി. സിങ് അറിയിച്ചു. പ്രതിഷേധത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന ബജ്റങ്ദള്‍ നേതാവായ യോഗേഷ് രാജ്, മഹാവില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെയുള്ള നയാബാസ് ഗ്രാമക്കാരനാണ്. യോഗേഷ് ഉള്‍പ്പെടെ മഹാവിന് പുറത്തുനിന്നുള്ളവരായിരുന്നു പ്രതിഷേധക്കാരില്‍ ഭൂരിപക്ഷവും.
അതിനിടെ, പശുക്കളെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് ബുലന്ദ്ശഹറില്‍ 11ഉം 12 ഉം വയസുള്ള കുട്ടികളടക്കം ഏഴു പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗോവധവുമായി യാതൊരു ബന്ധവുമില്ലാത്തവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. സംഭവം നടക്കുന്ന ദിവസങ്ങളില്‍ കുട്ടികള്‍ ഗ്രാമത്തില്‍ ഉണ്ടായിരുന്നില്ലെന്ന് കുട്ടികളിലൊരാളുടെ പിതാവ് പറഞ്ഞു. കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റു പ്രതികളില്‍ ഒരാള്‍ മറ്റൊരു ഗ്രാമത്തില്‍ ജീവിക്കുന്ന ആളാണ്. കേസിലെ മറ്റു പ്രതികള്‍ ഏതു നാട്ടുകാരാണെന്നു പോലും അറിയില്ലെന്നും ഗ്രാമവാസികള്‍ പറയുന്നു. കുട്ടികളെയടക്കം അറസ്റ്റ് ചെയ്ത നടപടിയെക്കുറിച്ച് പ്രതികരിക്കാന്‍ പൊലീസും തയാറായിട്ടില്ല.
ഗോഹത്യയുടെ പേരിലുള്ള പ്രതിഷേധം സംഘര്‍ഷത്തിലേക്കു മാറിയത് തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ഓടെയായിരുന്നു. ബൂലന്ദ്ഷഹറില്‍ നടന്നുവന്ന ‘തബ് ലീഗി ജമായത്ത്’ സമ്മേളനം കഴിഞ്ഞ് ആളുകള്‍ മടങ്ങുന്ന സമയവും അതായിരുന്നു. ഇവരെ ലക്ഷ്യമിട്ട് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ദേശീയപാതയില്‍ ഗതാഗതം തടഞ്ഞു. എന്നാല്‍, പോലീസുകാരും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ വഴിതിരിച്ചുവിട്ടതോടെ വലിയ സംഘര്‍ഷം ഒഴിവായി.
മാത്രവുമല്ല, നാട്ടുകാരനായ സുമിത്തും ഇന്‍സ്പെക്ടറും കൊല്ലപ്പെട്ടതോടെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിരോധത്തിലായി. അതോടെ, ഗോഹത്യയുടെ പേരിലുള്ള പ്രചാരണവും പ്രതിഷേധവും അവസാനിപ്പിക്കേണ്ടിയും വന്നു. ബൈക്കില്‍ കൂട്ടുകാരനെ കൊണ്ടുവിടാന്‍ വന്നപ്പോഴാണ് ചിംഗ് രാവതിയില്‍നിന്ന് അരക്കിലോമീറ്റര്‍ അകലെ താമസിക്കുന്ന ബിരുദ വിദ്യാര്‍ഥിയായ സുമിത്തിന് വെടിയേറ്റത്.
അതേസമയം, അക്രമം ആസൂത്രിതമായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് തിങ്കളാഴ്ച നടന്ന സംഭവവികാസങ്ങള്‍. ബൂലന്ദ്ഷഹറിന് 40 കിലോമീറ്റര്‍ ദൂരത്തുള്ള സ്യാന താലൂക്കിലെ മഹാവ് ഗ്രാമത്തിലെ കരിമ്പുപാടത്താണ് കന്നുകാലി അവശിഷ്ടം കണ്ടെത്തിയത്. വയലുടമ ഉടന്‍ പൊലീസിനെ അറിയിക്കുകയും അവര്‍ എത്തുകയും ചെയ്തു. എന്നാല്‍, വൈകാതെതന്നെ ഗ്രാമത്തിനു പുറത്തുനിന്നും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. വയലുടമ അറിയിച്ചാണ് എത്തിയതെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞതെങ്കിലും താന്‍ ആരെയും വിളിച്ചുവരുത്തിയിട്ടില്ലെന്നാണ് അയാളുടെ വിശദീകരണം.
പശുവിനെ അറുത്തെന്നു പറഞ്ഞാണ് ബജ്റംഗ് ദളുകാര്‍ പ്രശ്നമുണ്ടാക്കിയത്. എന്നാല്‍, അറവുകാര്‍ ഉപേക്ഷിക്കുന്നപോലുള്ള അവശിഷ്ടമല്ല വയലില്‍ കണ്ടെത്തിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആ ഗ്രാമത്തിന്റെ സമീപപ്രദേശങ്ങളിലൊന്നും അറവുശാലകളില്ല.




