പനാജി: ഗോവയില്‍ പുതിയതായി അധികാരമേറ്റ പ്രമോദ് സാവന്ത് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. നീണ്ടു നിന്ന നാടകീയതകള്‍ക്ക് ഒടുവില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തത്. 36 അംഗ നിയമസഭയില്‍ 21 പേരുടെ പിന്തുണ ബി ജെ പി അവകാശപ്പെടുന്നുണ്ട്.
സഭയില്‍ വിശ്വാസം നേടാന്‍ ബി ജെ പിക്ക് 19 എം എല്‍ എമാരുടെ പിന്തുണ വേണം. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ മറികടന്നാണ് ബിജെപി സര്‍ക്കാരുണ്ടാക്കിയത്. 14 എം എല്‍ എമാരുള്ള കോണ്‍ഗ്രസ് സഭയില്‍ കരുത്ത് തെളിയിക്കുമെന്ന് അവകാശപ്പെട്ടു. അര്‍ദ്ധരാത്രിവരെ നീണ്ട നാടകീയതകള്‍ക്ക് ഒടുവില്‍ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്കാണ് പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള 12 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പരീക്കര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്പീക്കറായിരുന്നു പ്രമോദ് സാവന്ത്.
ഇടഞ്ഞു നിന്ന രണ്ട് ഘടകകക്ഷികള്‍ക്കും ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയാണ് പ്രശ്നം പരിഹരിച്ചത്. മഹാരാഷ്ട്രവാദി ഗോമാന്തക് പാര്‍ട്ടിയുടെ സുദിന്‍ ദവാലികര്‍, ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ വിജയ് സര്‍ദേശായി എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍. 40 അംഗ നിയമസഭയില്‍ ഇപ്പോഴുള്ളത് 36 പേരാണ്.
കൂട്ടുകക്ഷികളെയും കൂട്ടി ഇവര്‍ 20 അംഗങ്ങളുടെ ഭൂരിപക്ഷമുണ്ടാക്കിയിട്ടുണ്ട്. രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നു നേരത്തെ രാജിവച്ചിരുന്നു. ബി.ജെ.പി. നേതാക്കളായ മനോഹര്‍ പരീക്കര്‍, ഫ്രാന്‍സിസ് ഡിസൂസ എന്നിവര്‍ അന്തരിച്ചതോടെയാണ് അംഗബലം കുറഞ്ഞത്. ബി.ജെ.പിക്ക് 12 എം.എല്‍.എമാരാണുള്ളത്. നിലവിലുള്ള എം.എല്‍.എമാരില്‍ ഏറ്റവും പ്രമുഖനാണ് 45 കാരനായ സാവന്ത്. അമിത് ഷാ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയായി സാവന്തിനെ തീരുമാനിച്ചത്.




