ഹരിത എം
സ്റ്റെഫിനി മേയർ എഴുതിയ ടൈ്വലൈറ് സാഗ എന്ന അമേരിക്കൻ ടീൻ റൊമാന്റിക് നോവൽ സമുച്ചയം സമാനപേരിൽ സിനിമയാക്കിയപ്പോൾ അതിഭീകരമായ വിജയം നേടുകയുണ്ടായി. സിനിമയിലെ നായികയായ ക്രിസ്റ്റ്യൻ സ്റ്റുവർട്ടും നായകൻ റോബർട്ട് പാറ്റിൻസണും യാഥാർത്ഥജീവിതത്തിലും കമിതാക്കളായി കൊണ്ടാടപ്പെട്ടു.വർഷങ്ങൾക്കുശേഷം തന്റെ ഹോമോസെക്ഷ്വൽ റിലേഷനായ ഡൈലാൻ മേയർ എന്ന സ്ത്രീയെ ക്രിസ്റ്റൻ സ്റ്റുവർട്ട് വിവാഹം കഴിക്കാനൊരുങ്ങുന്നു
എന്ന മട്ടിലുള്ള ഗോസിപ്പുകൾ പ്രചരിച്ചപ്പോഴാണ് സിനിമയിൽനിന്ന് വിഭിന്നമായി ഹോമോസെക്ഷ്വൽ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ മുഖ്യധാരയിലേക്ക് കടന്നുവന്നത്.
അമേരിക്കൻ/ പടിഞ്ഞാറൻ യൂറോപ്പ്യൻ രാജ്യങ്ങളിൽ ഇത്തരം ബന്ധങ്ങളും വിവാഹങ്ങളും സർവ്വസാധാരണമാണ്. ഇന്ത്യയിലും , വിക്ടോറിയൻ സദാചാരമൂല്യങ്ങൾക്ക് ഇന്നും ആഴത്തിലുള്ള വേരോട്ടമുള്ള കേരളത്തിലും അത്ര സ്വാഗതാർഹമല്ലാത്ത പ്രവൃത്തിയാണത്. ഒരു വ്യക്തിയുടെ ലൈംഗിക മണ്ഡലത്തെ നിഷേധിക്കുക എന്നതുവഴി അയാളുടെ ജീവിക്കാനുള്ള അവകാശത്തെ തന്നെയാണ് റദ്ദ് ചെയുന്നത്. അങ്ങനെ വരുമ്പോൾ താഴെ ഉന്നയിക്കുന്ന ചോദ്യം കൂടുതൽ പ്രസക്തമാകുന്നു.
ഹോമോസെക്ഷ്വൽ ആയ ഒരു സ്ത്രീയെ/ പുരുഷനെ നോർമലെന്ന് നമ്മൾധരിച്ചുവെച്ച ഹെട്രോസെക്ഷ്വൽ ജീവിതത്തിലേക്ക് വിവാഹമെന്ന കുഴലിലൂടെ കടത്തി
വിടുമ്പോൾ വ്യക്തി എന്ന നിലയിൽ അവർക്ക് സംഭവിക്കുന്ന ‘ചിതറൽ’ എപ്പോഴെങ്കിലും നമ്മെ അലോസരപ്പെടുത്തിയിട്ടുണ്ടോ?
ആ ചിതറലിനെ കൃത്യമായി മനസിലാക്കാൻ അതിന് വിധേയപ്പെടുന്ന വ്യക്തിക്കുപോലും കഴിഞ്ഞു എന്നുവരില്ല. അത്ര അപകടകരവും സാധാരണവുമാണ് സമൂഹത്തിന്റെ കണ്ടിഷനിംഗ്.
1990 കളിലാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച കഥകളിലൊന്നായ ‘പടിയിറങ്ങിപ്പോയ പാർവതി’ ഗ്രേസി പ്രസിദ്ധീകരിക്കുന്നത്. ശരീരവും, രതിയും സൂക്ഷ്മമായ കലാപരീതികളായി പുനരവലോകനം
ചെയ്തുകൊണ്ടുള്ള അവരുടെ ‘വേനലിൽ വീണ ഒരു മഴത്തുള്ളി’,’ഒരുപൈങ്കിളി കഥയുടെ അന്ത്യം’ എന്നീ കഥകളിൽ നിന്ന് വ്യത്യസ്തമായിരുന്നു പടിയിറങ്ങിപ്പോയ പാർവതി.
രണ്ട് സ്ത്രീകൾ തമ്മിലുള്ള ലെസ്ബിയൻ വ്യവഹാരങ്ങളുടെ കാല്പനികമായ ഒരാഖ്യാനമാണത്.
ഫസ്റ്റ്‌പേഴ്‌സൺ നരേറ്റീവിലൂടെ വികസിക്കുന്ന കഥയിൽ പ്രകടമായ ലെസ്ബിയൻ ഇൻസ്റ്റിംഗ്‌സ് ഉള്ള ആഖ്യാതാവ് വീട്ടുകാർ കണ്ടെത്തിത്തന്ന,’കരുണ വഴിയുന്ന കണ്ണുകളും ചുവന്നു നേർത്ത ചുണ്ടുകളുമുള്ള വെളുത്തുമെലിഞ്ഞ ചെറുപ്പക്കാരനിൽ തന്റെ വിഹ്വലതകൾ ഇറക്കിവെയ്ക്കാൻ കഴിഞ്ഞേക്കുമെന്നൊരു’ മോണോലോഗ് ഉരുവിട്ടുകൊണ്ട് നോർമൽ ആയി തന്നെ വിവാഹജീവിതത്തിലേക്ക ്പ്രവേശിക്കുന്നുണ്ട്. തുടർന്ന് പ്രസവം അടക്കമുള്ള അധികബാധ്യതകൾ ബുദ്ധിമുട്ടേതുമില്ലാതെ അവരിലൂടെ കയറിയിറങ്ങിപോകുന്നു. വായിച്ച സമയത്ത് ഗ്രേസി ഈഅവസ്ഥയെ എത്രമാത്രം ഡയല്യൂട്ട് ചെയ്താണ് അവതരിപ്പിച്ചത് എന്ന്് തോന്നി.
പക്ഷെ അങ്ങനെയല്ല. തിരിച്ചറിഞ്ഞ ലൈംഗികസ്വത്വത്തെ ഏറ്റെടുക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും സമൂഹം കരുതിവെച്ച അപകടകരമായ പൊതുബോധ്യങ്ങളുടെ സാന്നിധ്യമുണ്ട്. ഏറ്റെടുക്കുന്ന
വ്യക്തി (ബലഹീനനായ,സാമ്പത്തിക പരാശ്രയത്വം ഉള്ള വ്യക്തി) അഭിമുഖീകരിക്കേണ്ടിവരുന്ന മാനസികവും, ശാരീരികവുമായ പ്രത്യാഘാതങ്ങൾ എത്രമാത്രം പ്രഹരശേഷി ഉള്ളതാണെന്നുള്ള തിരിച്ചറിവ്
ആത്മവഞ്ചനയുടേതായ/ വ്യക്തിചോർച്ചയുടേതായ ഒരു തീരുമാനം അവരെക്കൊണ്ടെടുപ്പിച്ച് അസംതൃപ്തമായ ഭാവിജീവിതത്തിലേക്കും,ആനന്ദമില്ലാത്ത രതിവേളകളിലേക്കും വലിച്ചെറിയുന്നു.
തിരിച്ചറിഞ്ഞ ലൈംഗികപരിസരത്തു ജീവിക്കാൻ അനുവദിക്കുകയെന്ന മൗലികാവകാശത്തെ കുടുംബം, സ്‌നേഹം എന്നീ അതിരുകൾ കൊണ്ട് വിഛേദിച്ചുകളയുക എന്ന സദാചാരതാല്പര്യത്തിന്റെ സമാനതകളില്ലാത്ത ക്രൂരതയായി അത് വകയിരുത്തപ്പെടുന്നു.
താനുമായി ഒരു ബന്ധവുമില്ലാത്ത ജീവിതത്തെ കയ്യിലേൽപ്പിച്ചു തന്ന് തീർത്തും പാകമാകാത്തൊരു മുഖംമൂടി ധരിപ്പിച്ച് ഇനി ജീവിച്ചോളൂ എന്ന് പറയുന്ന മാനുഷികവിരുദ്ധമായ ഒരു നിർദ്ദേശം.
ണ്ട്.സാമ്പത്തികമായി
സ്വാശ്രയവൽക്കരിക്കപ്പെട്ടതിനാൽ സമൂഹത്തിനെ അതിജീവിച്ചുകൊണ്ട് തീരുമാനം എടുക്കാനും, സ്വയം ഒരു ഹിപ്പോക്രാറ്റിന്റെ ജീവിതം നയിക്കാൻ ഒരുക്കമല്ലാത്തതിനാലും തെരേസ വേറിട്ട് അടയാളപ്പെടുന്നു. ഈ തെരഞ്ഞെടുപ്പിന്റെ പേരിൽ വ്യക്തിജീവിതത്തിലേൽക്കുന്ന അരക്ഷിതാവസ്ഥകളെ സ്വീകരിക്കാനും അവർ തയ്യാറാകുന്നു.
ജീവിതത്തിൽ അന്നുവരെ അനുഭവിച്ചിരുന്ന പ്രിവിലേജുകളെ പണയം കൊടുത്താണ് ബന്ധങ്ങളുടെ പുറമ്പോക്കിലേക്ക് അവർ അകന്നുമാറിനിന്നത്. പക്ഷെ തന്റെ പങ്കാളിയുമൊത്തു ‘തെരേസ’ എന്ന എക്‌സിസ്‌റ് ചെയുന്ന വ്യക്തികേന്ദ്രീകൃതമായ സാമൂഹ്യആവാസവ്യവസ്ഥയിൽ നിന്നും ഒളിച്ചോടാൻ അവർ തയ്യാറായതുമില്ല.
പടിയിറങ്ങിപ്പോയ പാർവതി മുതൽ ആളോഹരി ആനന്ദത്തിലേക്ക് എത്തുംവരെയുള്ള നീണ്ട 22 വർഷങ്ങൾക്കിടയിൽ നമ്മുടെ ലൈംഗികബോധ്യങ്ങളുടെ തെരെഞ്ഞെടുപ്പിൽ സവിശേഷമായി എന്തെങ്കിലും സംഭവിച്ചുവോ?
അക്കാലം മുതൽക്കാണ് ഹോമോഫോബിയ ഉൾപ്പെടുന്ന സെക്ഷ്വൽ വൾഗർ ജോക്കുകൾ കൂടുതൽ സ്വാഭാവികതയോടെയും, ഒറിജിനാലിറ്റിയോടെയും നമുക്ക് അനുഭവിക്കാൻ സാധിച്ചത്. എന്താണ് ചെയ്യേണ്ടതെന്നറിയാത്ത നിസ്സഹായരായ ഹോമോസെക്ഷ്വൽ ജീവികളെ കല്യാണങ്ങളിലേക്ക് എക്‌സ്‌പോർട്ട് ചെയ്തുകൊണ്ട് നമുക്ക് ചുറ്റുമുള്ള ‘നോർമൽ’ കുടുംബങ്ങൾ ഉത്തരവാദിത്വം ആഘോഷിച്ചത്തിന് സാക്ഷിയായത്.
ഏലിയനേറ്റ് ചെയ്യപ്പെട്ട ചില ഗേ/ ലെസ്ബിയൻ വിവാഹങ്ങൾപ്രാധാന്യത്തോടെ വായിച്ചും ഇടയ്ക്ക് ശ്രീപാർവതിയുടെ ‘രണ്ടുമീനുകൾ ചുംബിക്കുമ്പോൾ’ അടക്കമുള്ള ലെസ്ബിയൻ നോവൽ പരിസരങ്ങളിൽ എത്തിനോക്കിയും നമ്മൾ കൂടുതൽ പുരോഗമനവാദികളായി മാറിക്കഴിഞ്ഞെന്ന് അഹന്തകൊണ്ടത്.
അപ്പോഴും തങ്ങളുടെ ലെസ്ബിയൻ/ഗേ സ്വത്വം റിവീൽ ചെയ്തവർ ചെറുതല്ലാത്ത സൈബർ ബുള്ളിയിങ്ങിൽ അകപ്പെട്ട് കരകാണാതെ നീന്തി. തെരേസമാർ ഒന്നോ രണ്ടോ ഉണ്ടായപ്പോൾ പടിയിറങ്ങിപ്പോയ പർവതിയിലെ ആഖ്യാതാക്കളെ ജീവിതത്തിന്റെ അനക്കമില്ലാത്ത കോണുകളിൽ നമ്മൾ കണ്ടുമുട്ടി. ‘അതൊക്കെ ഒരുകാലത്തെ ചില പ്രാന്തുകൾ’ എന്ന് പറഞ്ഞു വിഷാദം കലർന്ന ചിരി ഞെട്ടറ്റുവീഴുന്ന ആ മുഖങ്ങളിൽ നോക്കി നമ്മൾ തലതാഴ്ത്തിയിരുന്നുകാണും.
വിദ്യാഭ്യാസവും സാമ്പത്തിക സ്വാശ്രയത്വവും ഉണ്ടായിരുന്ന, ഹോമോസെക്ഷ്വൽ ആയിരുന്ന സുന്ദരിയായ സഹപ്രവർത്തകയുടെ കല്യാണം ഉറപ്പിച്ചപ്പോൾ അവളുമായി നടത്തിയ സംഭാഷണത്തിലെ ഒരു ഭാഗം ഓർമ്മയിൽ വരുന്നു, ‘ഇതൊക്കെ എന്റെ വെറും തോന്നലുകളാവും, എന്നെ ഇത്രകാലം നോക്കിവളർത്തിയ വീട്ടുകാർക്കറിയാമായിരിക്കുമല്ലോ എന്താണ് എനിക്ക് വേണ്ടതെന്ന്. അത് ഇതായിരിക്കില്ല. ചിലപ്പോൾ എനിക്ക് അവന്റെ കൂടെഒരു സാധാരണ ജീവിതം ജീവിക്കാൻ പറ്റിയേക്കും, എല്ലാ പെണ്ണുങ്ങളേയുംപോലെ.. .’
ഹെട്രോസെക്ഷ്വൽ ബന്ധങ്ങളിലെ സാധാരണത്വത്തെ മുൻനിർത്തി മറ്റു ജീവശാസ്ത്രബന്ധങ്ങളിലെ സങ്കീർണതകളെ അസ്വാഭാവികമെന്ന് മുദ്രകുത്തുന്ന സാമാന്യ മനുഷ്യന്റെ സുപ്പീരിയർ സാംസ്‌കാരിക ബോധ്യമാണ് വ്യക്തിയുടെ ലൈംഗികസ്വാതന്ത്രത്തിന് വിലങ്ങുതടിയാകുന്നത്. അതിനെ വിഭ്രാന്തിയായും തോന്നലായും പ്രാന്തായും പുനർവായിക്കാൻ സഹായിക്കുന്നതും ഇതുതന്നെ.












