
ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഭാവി സംബന്ധിച്ച് വ്യക്തതവരുത്തണമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ ബി.സി.സി.ഐ. അറിയിച്ചതായി റിപ്പോര്‍ട്ട്. 2027 ല്‍ നടക്കാനിരിക്കുന്ന ഏകദിനലോകകപ്പും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും മുന്നില്‍ കണ്ടാണ് ബി.സി.സി.ഐ യുടെ നടപടി. നിലവില്‍ ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ഇന്ത്യയെ രോഹിത്താണ് നയിക്കുന്നത്.
ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണിക്കൊരുങ്ങുകയാണ് ബി.സി.സി.ഐയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഫോര്‍മാറ്റിലെ നായകന്മാരെയും കണ്ടെത്തേണ്ടതുണ്ട്. അതിനാല്‍ രോഹിത്തിന്റെ ഭാവി തീരുമാനം സംബന്ധിച്ച് വ്യക്തത വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ ബി.സി.സി.ഐ ക്ക് മുന്നോട്ടുപോകാനാകൂ. അതേസമയം ടീമിലെ മറ്റൊരു മുതിര്‍ന്ന താരമായ വിരാട് കോലിയുടെ കാര്യത്തില്‍ കുറച്ചുകൂടി കാത്തിരിക്കാമെന്ന നിലപാടിലാണ് മാനേജ്മെന്റ്.
കഴിഞ്ഞ സെലക്ഷന്‍ മീറ്റിങ്ങില്‍ തന്നെ സെലക്ടര്‍മാരും ബോര്‍ഡ് അംഗങ്ങളും രോഹിത്തുമായി ചര്‍ച്ച നടത്തിയിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ടീമിലെ ഭാവി സംബന്ധിച്ചുള്ള തീരുമാനമെടുക്കണമെന്ന് താരത്തെ അറിയിച്ചതായാണ് വിവരം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, വരാനിരിക്കുന്ന ഏകദിന ലോകകപ്പ് എന്നീ ടൂര്‍ണമെന്റുകളെ ലക്ഷ്യമിട്ടാണ് ബി.സി.സി.ഐ യുടെ നീക്കം.
രോഹിത് ഒഴിഞ്ഞാല്‍ ടെസ്റ്റ് ക്യാപ്റ്റനായി പേസര്‍ ജസ്പ്രീത് ബുംറയ്ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ താരത്തിന്റെ ഫിറ്റ്നസാണ് ആശങ്ക സൃഷ്ടിക്കുന്നത്. ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, യശ്സ്വി ജയ്സ്വാള്‍ എന്നിവരേയും ടെസ്റ്റ് നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.




