പാലക്കാട്: ബസിന്റെ തകര്‍ന്ന ചില്ലുകള്‍ക്കിടയിലൂടെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചപ്പോള്‍ ആഷ്ലിന്‍ ടി.ജെറിന് നടുക്കം മാറിയിരുന്നില്ല. സഹപാഠികളും സുഹൃത്തുക്കളുമായ മൂന്നുപേര്‍ ഇനിയില്ലെന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ ആഷ്ലിന്‍ തളര്‍ന്നു. അപകടത്തില്‍ മരിച്ച അഞ്ചുകുട്ടികളില്‍ ദിയ രാജേഷ്, ക്രിസ് വിന്റര്‍ ബോണ്‍ തോമസ്, എല്‍ന ജോസ് എന്നിവര്‍ ആഷ്ലിന്റെ ഉറ്റ സുഹൃത്തുക്കളായിരുന്നു. അപകടത്തില്‍ മരിച്ച നാലുപേരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് അച്ഛനൊപ്പം വന്ന ആഷ്ലിന്‍ കാറില്‍ തളര്‍ന്നിരുന്നു.ബുധനാഴ്ച വൈകീട്ട് ആറേമുക്കാലോടെ സ്‌കൂളില്‍ നിന്നു പുറപ്പെട്ട സംഘം അങ്കമാലിയില്‍ നിന്ന് ഭക്ഷണം കഴിച്ചു. തുടര്‍യാത്രയില്‍ ചിലര്‍ ഉറക്കമായി. ആഷ്ലിന്‍ ഉള്‍പ്പെടെ ചിലര്‍ സിനിമ കണ്ടിരുന്നു. പെട്ടെന്നാണ് ബസ് ഇടിച്ച് മറിഞ്ഞത്. വല്ലാത്ത ശബ്ദവും നിലവിളിയും.എഴുന്നേല്‍ക്കാനാവാത്ത സ്ഥിതിയില്‍ തകര്‍ന്ന ചില്ലുകള്‍ക്കിടയിലൂടെ ആരൊക്കെയോ ചേര്‍ന്ന് പുറത്തെടുത്തു. പത്താംക്ലാസുകാരനായ ആഷ്ലിന്‍ ദുരന്തത്തെക്കുറിച്ചു പറഞ്ഞു.









