ഡല്‍ഹി: ഇന്ത്യയുടെ ആദ്യ ലോക്പാല്‍ ആയി സുപ്രീം കോടതി മുന്‍ ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് (പിസി ഘോഷ്) നിയമിതനായി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ലോക്പാല്‍ നിയമന സമിതിയുടെ തീരുമാനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിക്കുകയായിരുന്നു. ഒരു വനിതാ ജഡ്ജിയടക്കം നാലു മുന്‍ ഹൈക്കോടതി ജഡ്ജിമാരും നാലു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമാണ് ലോക്പാലിലെ മറ്റു അംഗങ്ങള്‍.
ജസ്റ്റിസുമാരായ ദിലീപ് ബി. ഭോസലെ, പ്രദീപ് കുമാര്‍ മൊഹന്തി, അജയ് കുമാര്‍ ത്രിപാഠി, അഭിലാഷ കുമാരി എന്നിവരും മുന്‍ എസ്എസ്ബി അധ്യക്ഷ അര്‍ച്ചന രാമസുന്ദരം, മുന്‍ മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ദിനേഷ് കുമാര്‍ ജയിന്‍, മഹേന്ദര്‍ സിങ്, ഇന്ദ്രജീത് പ്രസാദ് ഗൗതം എന്നിവരെ നോണ്‍ ജുഡിഷ്യല്‍ അംഗങ്ങളായും നിയമിച്ചു.
രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉന്നയിക്കപ്പെടുന്ന അഴിമതി ആരോപണങ്ങള്‍ പരിശോധിച്ചു നടപടിയെടുക്കാന്‍ നിയോഗിക്കപ്പെട്ടതാണ് ലോക്പാല്‍. സംസ്ഥാനങ്ങളില്‍ ലോക്പാലിന്റെ സ്ഥാനത്ത് ലോകായുക്തയാണ് ഉള്ളത്.







