റാന്നി: ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി. രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് കോടതി നടപടി. പമ്പ പൊലീസ് സ്റ്റേഷനില്‍ എത്തി ആഴ്ചയിലൊരിക്കല്‍ ഒപ്പിടണമെന്ന നിര്‍ദ്ദേശം പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പ നിലക്കല്‍ എന്നിവിടങ്ങളില്‍ ഉണ്ടായ അക്രമസംഭവങ്ങളുടെ പേരിലാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.
എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തത്. സന്നിധാനം രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടാന്‍ ആരുടേയും അനുവാദം ആവശ്യമില്ല. അടച്ച നട തുറക്കണം എന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അധികാരവുമില്ലെന്നാണ് രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇതിനായി ഇരുപതോളം പേര്‍ തയ്യാറായി നിന്നിരുന്നു എന്നും രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് കലാപത്തിന് ആഹ്വാനം നല്‍കിയതിന് രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശി പ്രമോദ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. രക്തം ചിന്തിപ്പോലും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഒരു പ്ലാന്‍ ബി ഉണ്ടായിരുന്നു എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശം. എന്നാല്‍ പൊലിസ് വ്യക്തിവിരോധം തീര്‍ക്കുകയാണെന്നും ഇപ്പോള്‍ ബംഗളുരുവിലുള്ള താന്‍ വന്നുകഴിയുമ്പോള്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.








