
കൊച്ചി: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) സാമ്പത്തിക തട്ടിപ്പ് കേസില്‍ സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ ഭാര്യ ഷബ്‌നയേയും പ്രതിചേര്‍ത്തു. തട്ടിപ്പില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.
യുഎന്‍എ അക്കൗണ്ടില്‍ നിന്ന് 55 ലക്ഷം രൂപ ജാസ്മിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയതായാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കേസിലെ രണ്ടും മൂന്നും നാലും പ്രതികള്‍ വഴിയാണ് പണം പിന്‍വലിച്ച് വിദേശത്തുള്ള ഷബ്‌നയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. കണക്കില്‍പ്പെട്ടും പെടാതെയും മൊത്തം 72 ലക്ഷത്തോളം രൂപയാണ് അക്കൗണ്ടില്‍ കണ്ടെത്തിയത്.
കേസിലെ എട്ടാം പ്രതിയാക്കിയാണ് ഷബ്‌നയെ ഉള്‍പ്പെടുത്തിയത്. ജാസ്മിന്‍ ഷായ്ക്കും ഷബ്‌നയ്ക്കും പുറമേ യുഎന്‍എ സംസ്ഥാന സെക്രട്ടറി സുജനപാല്‍, ട്രഷറര്‍ ബിപിന്‍ എം.പോള്‍, മുന്‍ സംസ്ഥാന സെക്രട്ടറി സുധീന്‍ എന്നിവരേയും കേസില്‍ പ്രതിചേര്‍ത്തു.
ഷബ്‌നയുടെ പേരില്‍ നാലു ഫ്‌ളാറ്റുകള്‍ തൃശൂരിലുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഷബ്‌നയുടെ പേരിലുള്ള ഒരു ഫ്‌ളാറ്റ് പിന്നീട് സംസ്ഥാന ട്രഷറര്‍ക്ക് കൈമാറിയതായും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. യുഎന്‍എയുടെ ഫണ്ടില്‍നിന്ന് മൂന്നരക്കോടിയോളം രൂപയുടെ വെട്ടിപ്പ് നടത്തിയെന്നതാണ് ജാസ്മിന്‍ ഷാ അടക്കമുള്ളവര്‍ക്കെതിരായ ആരോപണം.
കേസിലെ ഒന്നാം പ്രതി ജാസ്മിന്‍ ഷായെ കൂടാതെ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, മൂന്നാം പ്രതി ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ നിധിന്‍ മോഹന്‍, ഓഫീസ് ജീവനക്കാരന്‍ ജിത്തു എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.





