Kerala Pranamam

ജില്ലയില്‍ 5953 പേര്‍ക്ക് കോവിഡ്; ടിപിആര്‍ 44.59

കൊച്ചി : ജില്ലയില്‍ രോഗസ്ഥിരീകരണ നിരക്ക് 44.59 ആയി. കഴിഞ്ഞ ദിവസം 40.07 ശതമാനമായിരുന്നു. വിദേശത്തുനിന്നോ സംസ്ഥാനത്തിന് പുറത്തുനിന്നോ എത്തിയ ആര്‍ക്കും ബുധനാഴ്ച രോഗം സ്ഥിരീകരിച്ചില്ല. 5953 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.സമ്പര്‍ക്കം വഴി 5924 പേര്‍ രോഗബാധിതരായി. ഉറവിടമറിയാത്ത- 27 പേരുണ്ട്. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. 1490 പേര്‍ രോഗമുക്തരായി. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 32,886. ചികിത്സയില്‍ കഴിയുന്നവര്‍ 26,049 ആണ്. 13,351 സാമ്പിളുകള്‍കൂടി പരിശോധനയ്ക്ക് അയച്ചു. ബുധന്‍ വൈകിട്ട് 5.30 വരെ 7311 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കുമായി 2021 ഡോസ് കരുതല്‍ വാക്സിന്‍ നല്‍കി. സമഗ്ര പ്രതിരോധം:- മന്ത്രി പി രാജീവ് ജില്ലയിലെ കോവിഡ് അതിതീവ്രവ്യാപനത്തെ നേരിടാന്‍ സമഗ്ര പ്രതിരോധ നടപടി സ്വീകരിക്കാന്‍ മന്ത്രി പി രാജീവ് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ സംവിധാനങ്ങളും ജനപ്രതിനിധികളും സന്നദ്ധസംഘടനകളും ഇതിനായി സഹകരിക്കണം. കോവിഡ് പ്രതിരോധത്തില്‍ വിട്ടുവീഴ്ചയോ പാളിച്ചയോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകനത്തിനായി ചേര്‍ന്ന, ജില്ലയിലെ തദ്ദേശസ്ഥാപന പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് പ്രതിരോധം, സമ്പര്‍ക്കവിലക്ക്, ചികിത്സ എന്നിവയില്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയ പുതുക്കിയ നിര്‍ദേശം എല്ലാവരും പാലിക്കണം. രോഗലക്ഷണങ്ങളുള്ളവരും രോഗികളുമായി അടുത്ത് ഇടപഴകിയവരും പരിശോധനയ്ക്ക് വിധേയരാകണം. ആവശ്യമുള്ളിടത്ത് ഗാര്‍ഹിക പരിചരണ കേന്ദ്രങ്ങള്‍ ആരംഭിക്കണം. സന്നദ്ധസംഘടനകളെയും കുടുംബശ്രീ സംവിധാനത്തെയും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണമെന്നും മന്ത്രി പറഞ്ഞു. മേയര്‍ എം അനില്‍കുമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, എഡിഎം എസ് ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു.