Kerala Pranamam

ജില്ലാ ആശുപത്രി : ഉപയോഗിക്കാന്‍ കഴിയാതെ ഒരു കോടിയിലധികം രൂപയുടെ ഫണ്ട്


കല്‍പ്പറ്റ: മാനന്തവാടിയിലെ ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജ് ആശുപത്രിയായി ഉയര്‍ത്തിയതോടെ വയനാടിന് ജില്ലാ ആശുപത്രി ഇല്ലാതായി. 15ന് മെഡിക്കല്‍ കോളജ് ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വര്‍ഷം തികയുമ്പോഴും പകരം ജില്ലാ ആശുപത്രി വരാത്തതുമൂലം ജില്ലാ പഞ്ചായത്തില്‍ ആരോഗ്യമേഖലയില്‍ ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുന്നത് ഒരു കോടിയിലധികം രൂപയുടെ ഫണ്ടാണ്. പ്രതിവര്‍ഷം ആരോഗ്യമേഖലയിലേക്കായി ഒരു കോടി മുതല്‍ ഒന്നരക്കോടി വരെയാണ് സാധാരാണയില്‍ ചെലവഴിക്കാറുള്ളത്. ജില്ലാ ആശുപത്രിയാണ് പ്രധാനമായും ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. മാനന്തവാടിയിലെ ആശുപത്രി മെഡിക്കല്‍ കോളജും കല്‍പ്പറ്റയിലേത് ജനറല്‍ ആശുപത്രിയുമായതോടെ ഫണ്ട് ചെലവഴിക്കാന്‍ ഇടമില്ലാതായി. ബത്തേരിയിലെയും വൈത്തിരിയിലെതും താലൂക്ക് ആശുപത്രികളാണ്. ഇവ ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ബ്ലോക്ക് പഞ്ചായത്തിന് ആരോഗ്യമേഖലയില്‍ ചെലവഴിക്കാന്‍ സാധിക്കുന്നതിനേക്കാള്‍ ഇരട്ടിയിലധികം ഫണ്ട് ജില്ലാ പഞ്ചായത്തിനുണ്ട്. വൈത്തിരി താലൂക്ക് ആശുപത്രിയേക്കാളും വിശാലമായ വികസന സാധ്യതകള്‍ ഉള്ളത് ബത്തേരി താലൂക്ക് ആശുപത്രിയിലാണ്. ബത്തേരി നഗരത്തിലേയും സമീപ പ്രദേശമായ ഫെയര്‍ലാന്‍ഡിലേയും ഭൂമികള്‍ ഉപയോഗപ്പെടുത്തിയാല്‍ അതിവിശാലമായ വികസന സാധ്യതകളാണ് ജില്ലാ പഞ്ചായത്ത് മുന്നില്‍ കാണുന്നത്. ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ലാബ് സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ബത്തേരിയില്‍ നടപ്പാക്കാന്‍ സാധിക്കുമെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡസംഷാദ് മരക്കാര്‍ പറയുന്നു. വാര്‍ഡുകളുടെ നവീകരണം, അറ്റകുറ്റപ്പണി, മാലിന്യ സംസ്‌കരണം തുടങ്ങിയവക്കാണ് കൂടുതലായും ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിക്കാറുള്ളത്. താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രി ആക്കി ഉയര്‍ത്തിയാല്‍ കൂടുതല്‍ ഡോക്ടര്‍മാരെയും മറ്റും നിയമിക്കാന്‍ സാധിക്കും. അതോടൊപ്പം മികച്ച ചികിത്സാ സൗകര്യങ്ങള്‍, പുതിയ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, ഹൈടെക്ക് ലാബുകള്‍, ഭൗതിക- ആരോഗ്യ വികസനം എന്നിവയും ഇവിടെ സാക്ഷാത്കരിക്കപ്പെടും. ഇത് ഗോത്രവര്‍ഗക്കാര്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് നിര്‍ധനരും സാധാരണക്കാരുമായ രോഗികള്‍ക്ക് സഹായകരമാകും. ഇതിനായി സംസ്ഥാന ആരോഗ്യവകുപ്പിന്റെ അനുമതി കാത്തിരിക്കുകയാണ് ജില്ലാ പഞ്ചായത്ത് അധികൃതര്‍. വരുന്ന നിയമസഭാ സമ്മേളനങ്ങളില്‍ വിഷയം ചര്‍ച്ചയാക്കാനാണ് നീക്കം.രണ്ട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ബത്തേരിയില്‍ ചികിത്സാസൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നത് വളരെ ഗുണകരമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനുപുറമേ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാമെന്നതും ഈ ആശുപത്രിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നാണ് ആവശ്യമുയരുന്നത്. നിലവില്‍ ഫെയര്‍ലാന്റില്‍ 25 കോടി രൂപയിലേറെ ചെലവഴിച്ച് നിര്‍മിച്ച അണ്ടര്‍ ഗ്രൗണ്ട് ഉള്‍പ്പടെ ആറ് നിലകെട്ടിടത്തിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. എന്‍എച്ച്എം ഫണ്ട് അഞ്ചുകോടിയും എംഎസ്ഡിപി ഫണ്ട് 19.22കോടി രൂപയും ചെലവഴിച്ചാണ് ആറ് നിലകെട്ടിടം നിര്‍മിച്ചത്. ഇതില്‍ നവജശാത ശിശു, മെഡിക്കല്‍, സര്‍ജിക്കല്‍ ഐസിയുകള്‍ എന്നിവയുണ്ട്. ഗൈനക്ക്, ഇഎന്‍ടി, ജനറല്‍, ഓര്‍ത്തോ വിഭാഗം ഓപ്പറേഷന്‍ തിയറ്ററുകള്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സ്‌പെഷല്‍ വാര്‍ഡ്, ഐസലോഷന്‍ വാര്‍ഡുകള്‍, ജനറര്‍ വാര്‍ഡുകള്‍ എന്നിവയും ഫാര്‍മസി സൗകര്യവും ഉണ്ട്. ഇതില്‍ ഓപ്പറേഷന്‍ തീയറ്ററുകള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായിട്ടില്ല.