കോട്ടയം: പിജ ജോസഫിനെ തള്ളി തോമസ് ചാഴികാടന്‍ കോട്ടയത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കേരള കോണ്‍ഗ്രസ് ഉന്നതാധികാരിസമിതി അംഗവും മുന്‍ ഏറ്റുമാനൂര്‍ എംഎല്‍എയുമാണ് തോമസ് ചാഴികാടന്‍. കെഎം മാണിയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. ഒരു പകല്‍ മുഴുവന്‍ നീണ്ട കൂടിയാലോചനകള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസ് മറ്റൊരു പിളര്‍പ്പിലേക്കെന്ന സൂചന നല്‍കി മാണിയുടെ വാര്‍ത്താക്കുറിപ്പ് ഇറങ്ങിയത് രാത്രി ഒമ്പത് മണിക്കായിരുന്നു. പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്താണ് തീരുമാനമെന്ന് കെ എം മാണി വിശദീകരിച്ചു.
ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കേരള കോണ്‍ഗ്രസിന്റെ തീരുമാനം. തീരുമാനം സ്വീകാര്യമല്ലെന്നും കടുത്ത പ്രതിഷേധമുണ്ടെന്നും പി ജെ ജോസഫ് പറഞ്ഞു. ജോസഫ് വികാരപരമായ തീരുമാനമെടുക്കില്ലെന്നാണ് പ്രതീക്ഷയെന്നാണ് കെ എം മാണിയുടെ പ്രതികരണം.
പിജെ ജോസഫ് ഭിന്നത ഒഴിവാക്കുമെന്നും തന്റെ പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രതീക്ഷിക്കുന്നതായി സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ പറഞ്ഞു. തന്നെ പാര്‍ട്ടി ഒരു ദൗത്യം ഏല്‍പ്പിച്ചിരിക്കുകയാണെന്നും അത് പരമാവധി ഭംഗിയായി നിര്‍വഹിക്കുമെന്നും തോമസ് ചാഴിക്കാടന്‍ പറഞ്ഞു.
രാത്രി ഏഴു മണിയോടെ തന്നെ തീരുമാനം കെ എം മാണി പ്രത്യേക ദൂതന്‍ വഴി പി ജെ ജോസഫിനെ അറിയിച്ചിരുന്നു. അപ്പോള്‍ മുതല്‍ ജോസഫിന്റെ തൊടുപുഴയിലെ വസതിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടന്നു. മാണിയുടെ തീരുമാനം സ്വീകാര്യമല്ലെന്നും കേട്ടുകേള്‍വിയില്ലാത്ത വിധം തന്നെ അവഗണിച്ചുവെന്നും പി ജെ ജോസഫ് പ്രതികരിച്ചു. ജില്ല മാറി മത്സരിക്കുന്നത് സാധാരണമായൊരു കാര്യമാണെന്നും ഇതിന് മുമ്പും അത്തരം നിരവധി ഉദാഹരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പിജെ ജോസഫ് പറഞ്ഞു. അതിനാല്‍ യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.
മാണിയുടെ വിശ്വസ്തനും ഏറ്റുമാനൂര്‍ മുന്‍ എം.എല്‍.എയുമായ തോമസ് ചാഴിക്കാടനെ മുന്‍നിര്‍ത്തി പി.ജെ ജോസഫ് സ്ഥാനാര്‍ഥായാകുന്നത് തടയുന്നതിനായുള്ള ശ്രമമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. ജോസഫിനെക്കാള്‍ മണ്ഡലത്തില്‍ വിജയസാധ്യതയും പിന്തുണയും ചാഴിക്കാടനാണെന്നാണ് മാണിയുടെ വാദം. ഇതിനോട് ജോസഫ് എങ്ങനെ പ്രതികരിക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. സീറ്റ് കിട്ടാതെ വന്നാല്‍ ജോസഫ് മാണിയുമായി തെറ്റിപ്പിരിഞ്ഞ് പഴയ ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.







