
വാഷിങ്ടണ്‍: ട്രംപിനെതിരേ അമേരിക്കന്‍ തെരുവോരങ്ങളില്‍ പ്രതിഷേധജ്വാല. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെയും, അദ്ദേഹത്തിന്റെ ഉപദേശകനും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌കിന്റെയും നയങ്ങള്‍ക്കെതിരേയാണ് ശനിയാഴ്ച യുഎസിലെ ഒട്ടുമിക്ക നഗരങ്ങളിലും പ്രതിഷേധം അരങ്ങേറിയത്. വാഷിങ്ടണ്‍, ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, ഫ്‌ലോറിഡ, കൊളറാഡോ, ലോസ് ആഞ്ജലീസ് തുടങ്ങിയ പ്രമുഖ നഗരങ്ങളുള്‍പ്പെടെ 50 സംസ്ഥാനങ്ങളിലെ തെരുവുകള്‍ പ്രതിഷേധക്കാര്‍ കീഴടക്കി.
പൗരാവകാശസംഘടനകള്‍, തൊഴിലാളി യൂണിയനുകള്‍, എല്‍ജിബിടിക്യു പ്രവര്‍ത്തകര്‍, തിരഞ്ഞെടുപ്പ് പരിഷ്‌കാരത്തിനായി വാദിക്കുന്നവര്‍ തുടങ്ങിയവരുള്‍പ്പെടെ 150-ലേറെ സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു രാജ്യവ്യാപക പ്രതിഷേധം. ചെലവുചുരുക്കലിന്റെ ഭാഗമായുള്ള കൂട്ടപ്പിരിച്ചുവിടല്‍, സാമ്പത്തികരംഗത്തെയും മനുഷ്യാവകാശമേഖലയിലെയും പ്രശ്‌നങ്ങള്‍, ഉയര്‍ന്ന തീരുവ ചുമത്തല്‍, ഗര്‍ഭച്ഛിദ്ര വിലക്ക് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം രാജ്യംകണ്ട ഏറ്റവും വലിയ പ്രതിഷേധത്തിനായിരുന്നു കഴിഞ്ഞ ദിവസം അമേരിക്ക സാക്ഷ്യംവഹിച്ചത്. യുഎസിന് രാജാവ് വേണ്ടെന്ന പ്ലക്കാര്‍ഡുകളും പ്രതിഷേധനിരയില്‍ ഉയര്‍ന്നു.
ട്രംപിന്റെ നയങ്ങള്‍ സാമ്പത്തിക ഭ്രാന്താണെന്നും ഇത് ആഗോളസാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ട്രംപ് ചിത്തഭ്രമം ബാധിച്ചയാളാണ്, അദ്ദേഹം ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ‘ഹാന്‍ഡ്‌സ് ഓഫ്’ എന്ന പേരിലായിരുന്നു രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ഞാന്‍ വല്ലാതെ ദേഷ്യത്തിലാണ്. പ്രത്യേകാധികാരവും പീഡനാരോപണങ്ങളും നേരിടുന്ന ഒരു കൂട്ടം വെള്ളക്കാരാണ് രാജ്യം നിയന്ത്രിക്കുന്നത്- ന്യൂയോര്‍ക്കില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ഷൈന കെസ്‌നര്‍ എന്ന യുവതി പറഞ്ഞു.
അതേസമയം, രാജ്യത്തെമ്പാടും പ്രതിഷേധം ഉയര്‍ന്നെങ്കിലും തന്റെ നയങ്ങളില്‍ മാറ്റംവരുത്താന്‍ പോകുന്നില്ലെന്ന് ട്രംപ് ആവര്‍ത്തിച്ചു. പ്രതിഷേധത്തെ വൈറ്റ് ഹൗസ് തള്ളിക്കളയുന്നെന്നും ട്രംപ് പ്രതികരിച്ചു.




