Kerala Pranamam

തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നു: കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ്

 

തിരുവനന്തപുരം: തന്നെ കൊലപ്പെടുത്താന്‍ പാര്‍ട്ടിക്കുള്ളില്‍ ഗൂഢാലോചന നടന്നുവെന്ന് കുട്ടനാട് എംഎല്‍എയും എന്‍സിപി നേതാവുമായ തോമസ് കെ.തോമസ്. ഒരു ചാനല്‍ പരിപാടിയിലാണ് എംഎല്‍എ ഇക്കാര്യം തുറന്നുപറഞ്ഞത്. പരാതി ഇന്ന് ഡിജിപിക്ക് നല്‍കി. പോലീസ് ആസ്ഥാനത്ത് എത്തിയാണ് തോമസ് കെ.തോമസ് പരാതി നല്‍കിയത്.തന്റെ ഡ്രൈവറെ പണം കൊടുത്ത് സ്വാധീനിച്ചുവെന്നും കുട്ടനാട് പാടശേഖരത്തിന് നടുവിലുള്ള ഒരു സ്ഥലത്തുവച്ച് കൃത്യം നടത്താന്‍ പദ്ധതി തയ്യാറാക്കിയിരുന്നുവെന്നുമാണ് തോമസ് കെ.തോമസ് പറയുന്നത്. സംശയം തോന്നിയപ്പോള്‍ ആ ഡ്രൈവറെ താന്‍ ഒഴിവാക്കി. തന്നെ ഇല്ലാതാക്കുന്നതോടെ നടക്കുന്ന ഉപതിരഞ്ഞെടുപ്പാണ് വധഗൂഢാലോചനയ്ക്ക് പിന്നിലെ ലക്ഷ്യം.എന്‍സിപിയില്‍ അടുത്തകാലത്ത് വന്നയാളും പാര്‍ട്ടിയില്‍ ഉന്നത സ്ഥാനത്തുവന്നയാളുമാണ് കൊലപാതക ശ്രമത്തിനു പിന്നിലെന്ന് അദ്ദേഹം ചാനല്‍ പരിപാടിയില്‍ പറഞ്ഞിരുന്നു. സംശയമുള്ളയാളുടെ പേര് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ടോ എന്ന് വ്യക്തമല്ല.തോമസ് കെ.തോമസിനെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ ആരോപണം.