Kerala Pranamam

താപനില മൈനസ് ഡിഗ്രിയിലെത്തി

മൂന്നാര്‍: വൈകിയെത്തിയ തണുപ്പ് മൂന്നാറില്‍ മൈനസ് ഡിഗ്രിയിലെത്തി. ഡിസംബര്‍ ആദ്യവാരം ശൈത്യകാലം ആരംഭിക്കുന്ന മൂന്നാറില്‍ ഇത്തവണ ആദ്യമാണ് തണുപ്പ് മൈനസ് ഡിഗ്രിയിലെത്തുന്നത്. മൂന്നാര്‍ ചെണ്ടുവര എസ്റ്റേറ്റിലാണ് തണുപ്പ് മൈനസ് ഡിഗ്രിയിലെത്തിയത്. മൈനസ് ഒരു ഡിഗ്രി സെല്‍ഷസായിരുന്നു ഇവിടെ താപ നില. രാവിലെ നല്ല തണുപ്പാണ് മൂന്നാറിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെട്ടത്. സൈലന്റ് വാലി, നല്ലതണ്ണി തുടങ്ങിയ സ്ഥലങ്ങളിലും താപ നില മൈനസിനടുത്തെത്തി. ഒരു ഡിഗ്രിയായിരുന്നു ഇവിടെയുള്ള കുറഞ്ഞ താപനില. മാട്ടുപ്പെട്ടിയില്‍ മൂന്നു ഡിഗ്രിയിലെത്തിയപ്പോള്‍ തെന്മലയില്‍ എട്ടു ഡിഗ്രിയായിരുന്നു തണുപ്പ്. മൈനസ് നാല് ഡിഗ്രിയിലേക്കു വരെതാഴുന്ന മൂന്നാറില്‍ 2013 നു ശേഷം തണുപ്പ് അത്രയും താഴ്ന്ന നിലയിലെത്തിയിട്ടില്ല. എല്ലപ്പെട്ടി, സെവന്‍മല, ലക്ഷ്മി, ചിറ്റുവാര, കന്നിമല, നയമക്കാട് എന്നിവിടങ്ങളിലും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. കോവിഡ് വ്യാപനം മൂലം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണത്തെ തണുപ്പ് ആസ്വദിക്കാനുള്ള അവസരം സഞ്ചാരികള്‍ക്കു നഷ്ടപ്പെടും.