
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് കാരണം മൂന്ന് മണിക്കൂറിലേറെയായി ഗതാഗതം തടസ്സപ്പെട്ടു. കിഴക്കേകോട്ടയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സിറ്റി ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. തമ്പാനൂരില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകളും ജീവനക്കാര്‍ തടഞ്ഞു. എറ്റിഒ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുത്തതിനെതിരെയാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം. ദുരിതത്തിലായ യാത്രക്കാര്‍ റോഡില്‍ ഇറങ്ങി പ്രതിഷേധിച്ചു.
തലസ്ഥാനത്ത് ഗതാഗതക്കുരുക്കും യാത്രാ ദുരിതവും തുടരുകയാണ്. സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത സിറ്റി ഡിടിഒയെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്തെന്ന് ആരോപിച്ചാണ് സര്‍വീസുകള്‍ ജീവനക്കാര്‍ നിര്‍ത്തിവച്ചത്. ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് സൗജന്യമായി സമാന്തര സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ് കെഎസ്ആര്‍ടിസി എടിഒ തടഞ്ഞു. സ്വകാര്യ ബസ്സിലെ ഭിന്നശേഷിക്കാരനായ ജീവനക്കാരെ എടിഒ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. ഈ സംഭവത്തില്‍ എടിഒയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സമരം തുടങ്ങിയത്. എറ്റിഒ സാം ലോപ്പസ്, ഡ്രൈവര്‍ സുരേഷ്, ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആദ്യം സിറ്റി സര്‍വ്വീസുകളാണ് നിര്‍ത്തിവെച്ചതെങ്കിലും പിന്നീട് തമ്പാനൂരില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വ്വീസുകളും ജീവനക്കാര്‍ നിര്‍ത്തിവെച്ചു. യാത്രക്കാര്‍ പലരും ബസില്‍ കയറിയെങ്കിലും ബസ്സെടുക്കാന്‍ ജീവനക്കാര്‍ തയ്യാറാകുന്നില്ല. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ മുന്നില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധിക്കുകയാണ്. കിഴക്കേക്കോട്ടയില്‍ നിന്ന് ആറ്റുകാലിലേക്ക് സ്വകാര്യ ബസുകള്‍ അനധികൃതമായി സര്‍വീസ് നടത്തുന്നുവെന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആരോപിക്കുന്നത്.




