Home Editor's Choice തൂത്തുക്കുടിയിലെ സാത്താൻമാർ ( Editorial )

തൂത്തുക്കുടിയിലെ സാത്താൻമാർ ( Editorial )

3
0

കറുത്തവനായ ജോർജ് ഫ്‌ളോയ്ഡിനെ വർണ്ണവെറിയനായ അമേരിക്കൻ ഇൻസ്‌പെക്ടർ വിലങ്ങ് വച്ച് പരസ്യമായി കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ചുകൊന്നു. അമേരിക്കയെയും ലോകത്തെയും ഇളക്കിമറിച്ച വർണ്ണവെറിയുടെ ഈ കൊലയെക്കാൾ നീചവും ക്രൂരവുമായിരുന്നു തൂത്തുക്കുടി പോലീസ് സ്‌റ്റേഷനിൽ നടന്ന അച്ഛന്റെയും മകന്റെയും കൊല.
മൊബൈൽ ഷോപ്പ് നടത്തിവന്ന അച്ഛൻ ജയരാജനെയും മകൻ ബെന്നിക്‌സിനെയും ലോക്ക്ഡൗൺ ലംഘിച്ചതിന്റെ പേരിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മലദ്വാരത്തിൽ ലാത്തിയും കമ്പിയും കയറ്റി ഇവരെ കൊലപ്പെടുത്തുകയായിരുന്നു. പോലീസുകാരും അവരുടെ സഹായികളും അച്ഛന്റെയും മകന്റെയും ശരീരത്തിലാകെ മാരകമായ മുറിവുകളാണ് ഏൽപ്പിച്ചത്. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രതികളോട് ഇത്രയും ക്രൂരമായി പെരുമാറാൻ തൂത്തുക്കുടിയിലെ കിരാതൻമാരായ പോലീസുകാർക്കല്ലാതെ അമേരിക്കൻ പോലീസിനു പോലും കഴിയില്ല.
വർണ്ണവെറിയനായ ഇൻസ്‌പെക്ടർ കറുത്ത വർഗ്ഗക്കാരനെ കൊലപ്പെടുത്തിയപ്പോൾ അമേരിക്കയും ലോകമാകെയും ഇന്ത്യയും ഇളകിമറിഞ്ഞു. മനുഷ്യാവകാശ പ്രവർത്തകരും അമേരിക്കൻ സംസ്ഥാന ഭരണകൂടങ്ങൾ പോലും ആ കൊലയ്‌ക്കെതിരെ രംഗത്തിറങ്ങി. പ്രായഭേദമില്ലാതെ അമേരിക്കൻ ജനത കറുത്തവന്റെ മരണത്തിനുത്തരവാദിയായ പോലീസുകാരനെതിരെ നടത്തിയ പ്രക്ഷോഭം ചരിത്ര സംഭവമായി മാറി.
പരസ്യമായ ആ കൊലയെക്കാൾ മനുഷ്യ മനഃസാക്ഷിയെ നടുക്കുന്നതാണ് തൂത്തുക്കുടിയിലെ കൊല. മുറിവേറ്റ അച്ഛന്റെയും മകന്റെയും ശരീരത്തിൽ നിന്ന് ഒഴുകിയ ചോര മറച്ചുവയ്ക്കാനായി പലവട്ടം വസ്ത്രങ്ങൾ മാറ്റി കസ്റ്റഡി മരണം ഒളിപ്പിക്കുകയായിരുന്നു പോലീസ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ മജിസ്‌ട്രേറ്റിനോടു പോലും തട്ടിക്കയറുകയും പോലീസ് ഭാഷയിൽ പെരുമാറുകയുമാണ് സാത്താൻകുളം പോലീസ് സ്‌റ്റേഷനിലെ സാത്താൻമാർക്ക് തുല്യരായ പോലീസുകാർ ചെയ്തത്.
മജിസ്‌ട്രേറ്റ് പ്രാഥമിക അന്വേഷണം നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മദ്രാസ് ഹൈക്കോടതി ജസ്റ്റിസുമാരായ പിഎൻ പ്രകാശും ബി പുകഴേന്തിയും ശക്തമായ ഉത്തരവുകൾ പുറപ്പെടുവിച്ചത്. മജിസ്‌ട്രേറ്റിനോടു പോലും സാത്താൻമാരെ പോലെ പെരുമാറിയ പോലീസ് സ്‌റ്റേഷന്റെ ചുമതല റവന്യൂ വകുപ്പിനോട് ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഒരുപക്ഷേ ഇന്ത്യയിലാദ്യമായാണ് ഒരു പോലീസ് സ്‌റ്റേഷന്റെ നിയന്ത്രണം അവരിൽ നിന്ന് മാറ്റി റവന്യൂ ഉദ്യോഗസ്ഥർ ഏറ്റെടുക്കുന്നത്.
സിബിഐ അന്വേഷണം വേണമെന്ന് എടപ്പാടി സർക്കാർ തീരുമാനിച്ചെങ്കിലും കോവിഡ് കാലത്ത് സിബിഐ എത്താൻ വൈകും. അതുവരെ സംസ്ഥാന ക്രൈംബ്രാഞ്ച് സിഐഡി വിഭാഗത്തോട് അന്വേഷിക്കാനാണ് ഇന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. ഇന്നുതന്നെ എഫ്‌ഐആർ ഉൾപ്പെടെ എല്ലാ രേഖകളും പിടിച്ചെടുത്ത് അന്വേഷണം ആരംഭിക്കാനും കോടതി നിർദ്ദേശിച്ചു. സംഭവത്തിന് ഉത്തരവാദികളായ ദക്ഷിണമേഖല ഐജിയെയും തൂത്തുക്കൂടി എസ്പിയെയും കോടതി ഉത്തരവിനെ തുടർന്ന് സർക്കാർ സ്ഥലം മാറ്റി. പ്രതിസ്ഥാനത്ത് നിൽക്കുന്ന തൂത്തുക്കുടി എഎസ്പി കെ കുമാർ, ഡിഎസ്പി സി പ്രതാപൻ, സാത്താൻകുളം സ്‌റ്റേഷനിലെ പോലീസുകാരൻ മഹാരാജൻ തുടങ്ങിയവരെല്ലാം പോലീസ് കസ്റ്റഡിയിലാണ്.
സാംസ്‌ക്കാരികമായും രാഷ്ട്രീയമായും ഏറെ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. മഹാകവി ഭാരതിയാറുടെയും അണ്ണാദുരെയുടെയും പിൻമുറക്കാരാണ് തമിഴ്‌നാട് ഭരിക്കുന്നത്. മുഖ്യമന്ത്രി എടപ്പാടി ഈ കസ്റ്റഡി മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്‌ക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. കസ്റ്റഡി മരണത്തെ ന്യായീകരിച്ച മന്ത്രിമാരും മുഖ്യമന്ത്രിയും ആ സ്ഥാനത്ത് ഒരുനിമിഷം പോലും തുടരാൻ പാടില്ല. അനീതികൾക്കെതിരെ സന്ധിയില്ലാതെ പട വെട്ടുന്ന കരുണാനിധിയുടെ മകൻ സ്റ്റാലിൻ എന്തുകൊണ്ടാണ് ഈ സംഭവത്തിൽ ഉയർന്ന ജനരോഷത്തിന് വേണ്ട രീതിയിൽ നേതൃത്വം കൊടുക്കാത്തത്?
കോവിഡ് കാലത്ത് മാനവികതയുടെ പ്രതിരൂപങ്ങളായി മാറിയവരാണ് കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും പോലീസ് ഉദ്യോഗസ്ഥർ. അവരുടെ എല്ലാ നന്മയും തൂത്തുക്കുടിയിലെ കിരാത കൊലയോടെ അസ്തമിച്ചിരിക്കുകയാണ്. ഈ പാപക്കറ കഴുകിക്കളയണമെങ്കിൽ തമിഴ്‌നാട് ഡിജിപിയും സർക്കാരും കൊല്ലപ്പെട്ട അച്ഛന്റെയും മകന്റെയും കുടുംബത്തെയും ദത്തെടുക്കണം. കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതോടൊപ്പം ആ കുടുംബത്തിന്റെ സംരക്ഷകരായി മാറാൻ സർക്കാരിന് കഴിയണം. അന്വേഷിക്കാനെത്തിയ മജിസ്‌ട്രേറ്റിന് തെളിവ് നൽകിയ വനിതാ പോലീസുകാരിയുടെ ജീവൻ സംരക്ഷിക്കുകയും അവർക്ക് ഉന്നതമായ അംഗീകാരം നൽകുകയും വേണം. ജീവൻ പണയം വച്ചാണ് അവർ കൊലയാളികളായ സഹപ്രവർത്തകർക്കെതിരെ മൊഴി നൽകിയത്.
രണ്ട് മനുഷ്യരുടെ മലദ്വാരത്തിലേക്ക് കമ്പി കയറ്റുമ്പോഴുണ്ടാകുന്ന വേദന മനസിലാകാത്ത പോലീസ് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യേണ്ടത് അടിയന്തിരാവസ്ഥ കാലത്തെ പുലിക്കോടന്റെ ഭാഷയിലാണ്. അദ്ദേഹവും ജയറാം പടിക്കലും ചേർന്നാണ് ഉരുട്ടിക്കൊല എന്ന കലയ്ക്ക് പോലീസിൽ തുടക്കം കുറിച്ചത്. ഗരുഡൻ തൂക്കം, ഉരുട്ടിക്കൊല, നഖം പറിക്കൽ തുടങ്ങിയ കലാപരിപാടികൾക്ക് കേരളവും സാക്ഷിയായിട്ടുണ്ട്. തിരുവനന്തപുരം ഫോർട്ട് സ്‌റ്റേഷനിൽ ഉരുട്ടിക്കൊല്ലപ്പെട്ട ഉദയകുമാർ, ഈ സർക്കാരിന്റെ ഭരണകാലത്ത് നെടുങ്കണ്ടം സ്റ്റേഷനിൽ നടന്ന കസ്റ്റഡി മരണം, പെരുമ്പാവൂരിൽ ശ്രീജിത്തിന്റെ കൊല ഇതൊന്നും മറക്കാനുള്ള കാലമായിട്ടില്ല. ചുരുക്കത്തിൽ തൂത്തുക്കുടിയിലെ ലോക്കപ്പ് മരണത്തെ വിമർശിക്കാൻ നമുക്കും യോഗ്യതയില്ല. പാലക്കാട് പുത്തൂർ ഷീല വധക്കേസിൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ട പ്രതി സമ്പത്ത്. ആ കൊലപാതകത്തിൽ പ്രതികളായത് ഡിവൈഎസ്പി മുതൽ ഐജി വരെയുള്ള ഉദ്യോഗസ്ഥർ. അന്വേഷിക്കാനെത്തിയ സിബിഐ ഡിവൈഎസ്പി പോലും ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ചു. സമ്പത്ത് വധക്കേസിൽ ഒരു സാദാ പോലീസുകാരൻ പോലും പക്ഷേ ശിക്ഷിക്കപ്പെട്ടില്ല. തൂത്തുക്കുടി കേസന്വേഷണം സിബിഐ ഏറ്റെടുത്താലും ഉന്നതരായ പോലീസ് പ്രതികളെ രക്ഷിക്കാൻ ഐപിഎസുകാർ അരയും തലയും മുറുക്കി രംഗത്തിറങ്ങും.
ജീവനും സ്വത്തും സംരക്ഷിക്കേണ്ടവരാണ് പോലീസ്. അവർ തന്നെ മനുഷ്യന്റെ ജീവൻ ഇത്തരത്തിൽ പന്താടിയാൽ ജനാധിപത്യത്തിന് എന്തുവില? അമേരിക്കയിൽ ഉയർന്ന കലാപങ്ങളുടെ നൂറിലൊരംശം പോലും തൂത്തുക്കുടി കൊലയെ തുടർന്ന് രാജ്യത്തുണ്ടായില്ല എന്നത് ലജ്ജാകരമാണ്. പാവങ്ങളായ തൂത്തുക്കുടിക്കാർ നടത്തിയ പ്രക്ഷോഭം മാത്രമാണ് കോടതി ഇടപെടലിന് വഴിവച്ചത്. മനുഷ്യത്വം അൽപ്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ മുഖ്യമന്ത്രി എടപ്പാടി തന്റെ നേതാവായിരുന്ന ജയലളിതയുടെ നടപടികൾ ഓർക്കണം. അവരായിരുന്നു മുഖ്യമന്ത്രിയെങ്കിൽ ഈ ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യുമായിരുന്നു. അതെങ്കിലും മുഖ്യമന്ത്രി ഓർക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here