Home National തെരഞ്ഞെടുപ്പു ബോണ്ടിനു സ്‌റ്റേ ഇല്ല; സംഭാവനയുടെ വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കണമെന്ന് സുപ്രീംകോടതി

തെരഞ്ഞെടുപ്പു ബോണ്ടിനു സ്‌റ്റേ ഇല്ല; സംഭാവനയുടെ വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കണമെന്ന് സുപ്രീംകോടതി

1
0

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടിലൂടെ ലഭിച്ച സംഭാവനയുടെ വിവരങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുദ്രവച്ച കവറില്‍ തെരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കണമെന്ന് സുപ്രിം കോടതി. മെയ് മുപ്പതിനകം വിവരങ്ങള്‍ കൈമാറണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു. ഇലക്ടറല്‍ ബോണ്ടിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഇടക്കാല വിധി. ബോണ്ട് സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയിലെ ആവശ്യം കോടതി അംഗീകരിച്ചില്ല.

നരേന്ദ്ര മോദി സര്‍ക്കാര്‍ 2018 ജനുവരിയില്‍ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായത്തിന് എതിരെ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, സിപിഎം എന്നീ സംഘടനകള്‍ നല്‍കിയ ഹര്‍ജികളില്‍ ആണ് സുപ്രിംകോടതി ഇന്ന് ഇടക്കാല വിധി പ്രസ്താവിച്ചിച്ചത്. തെരെഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ആണ് ഉള്ളതെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഫണ്ടിംഗ് സംവിധാനം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് മാത്രം അനുകൂലം ആകുന്ന സാഹചര്യം ഉണ്ടാകരുത് എന്ന് വ്യക്തമാക്കിയ സുപ്രിംകോടതി തെരെഞ്ഞെടുപ്പ് ബോണ്ടിലൂടെ ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാന്‍ നിര്‍ദേശിച്ചു.

ബോണ്ടിലൂടെ ലഭിച്ച സംഭാവനകള്‍, സംഭാവന നല്‍കിയവരുടെ വിശദാംശങ്ങള്‍, ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ എന്നിവയാണ് തെരെഞ്ഞെടുപ്പ് കമ്മീഷന് മുദ്ര വച്ച കവറില്‍ കൈമാറേണ്ടത്. മെയ് 30 നകം മുദ്ര വച്ച കവര്‍ കൈമാറണം. തെരെഞ്ഞെടുപ്പ് ബോണ്ടുകള്‍ക്ക് എതിരായ ഹര്‍ജികളില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ബോണ്ട് വഴി സ്വീകരിക്കുന്ന സംഭാവനകള്‍ക്ക് സുതാര്യത ഇല്ല എന്ന് കമ്മീഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി ഉള്ള സംഭാവനകള്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ പരിധിക്ക് പുറത്ത് ആയതിനാല്‍ നിരീക്ഷിക്കാന്‍ സംവിധാനം ഇല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആര് സംഭാവന നല്‍കുന്നു എന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശം ഉണ്ട് എന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. അതേ സമയം പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവരുടെ പേരുകള്‍ പരസ്യപ്പെട്ടാല്‍ അവരെ എതിരാളികള്‍ വേട്ടയാടാനുള്ള സാധ്യത ഉണ്ട് എന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആരാണ് സംഭാവന നല്‍കുന്നത് എന്ന് ജനങ്ങള്‍ക്ക് അറിയേണ്ട കാര്യം ഇല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അഭിപ്രായപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ സ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി 2017ലെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഇലക്റല്‍ ബോണ്ട്. പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന സംഭാവനകള്‍ക്കു കണക്കുണ്ടാക്കുക ആയിരുന്നു മുഖ്യ ലക്ഷ്യം. പാര്‍ട്ടികള്‍ക്കു പണമായി സ്വീകരിക്കാവുന്ന സംഭാവന രണ്ടായിരം രൂപയായി നിശ്ചയിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് ആവിഷ്‌കരിച്ചത്.

പ്രോമിസറി നോട്ട് പോലെ ഉപയോഗിക്കാവുന്ന ഒരു ‘സാമ്പത്തിക ഉപകരണ’മാണ് ഇലക്ടറല്‍ ബോണ്ട്. ഏത് ഇന്ത്യന്‍ പൗരനും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനും തെരഞ്ഞെടുത്ത ബാങ്ക് ശാഖകളില്‍നിന്നു ഇതു വാങ്ങാം. ആയിരം, പതിനായിരം, ഒരു ലക്ഷം, പത്തു ലക്ഷം, ഒരു കോടി എന്നിങ്ങനെയാണ് ഇലക്ടറല്‍ ബോണ്ടിന്റെ മൂല്യം. ബാങ്കില്‍നിന്ന് ഈ ബോണ്ട് വാങ്ങി പാര്‍ട്ടികള്‍ക്കു സംഭാവനയായി നല്‍കാം. പാര്‍ട്ടികള്‍ക്കു തെരഞ്ഞെടുപ്പു കമ്മിഷന്‍ വെരിഫൈ ചെയ്ത അക്കൗണ്ട് വഴി പതിനഞ്ചു ദിവസത്തിനകം ബോണ്ട് പണമാക്കി മാറ്റാം.

LEAVE A REPLY

Please enter your comment!
Please enter your name here