
ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് – റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ പൊതുഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ പൂര്‍ണമായും നീക്കണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. നായ്ക്കളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും നിര്‍ദേശമുണ്ട്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അവരുടെ അധികാരപരിധിയിലുള്ള പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കായിക കേന്ദ്രങ്ങള്‍ എന്നിവയെല്ലാം നിരീക്ഷിച്ച് തെരുവുനായ്ക്കളെ മാറ്റാനും കോടതി നിര്‍ദേശിച്ചു. തെരുവുനായ്ക്കള്‍ പ്രവേശിക്കുന്നത് തടയാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ശരിയായ മതിലോ വേലിയോ കെട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റുമാരോട് കോടതി ആവശ്യപ്പെട്ടു. ഈ സ്ഥലങ്ങളില്‍ തെരുവുനായ്ക്കളില്ലെന്ന് ഉറപ്പാക്കാന്‍ പതിവായി പരിശോധനകള്‍ നടത്തണം. പിടികൂടിയ തെരുവുനായ്ക്കളെ അതേസ്ഥലത്ത് തന്നെ വീണ്ടും തിരികെ വിടരുതെന്നും കോടതി കര്‍ശനമായി നിര്‍ദേശിച്ചു.







