ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ തെളിവ് നല്‍കിയാല്‍ നടപടിയെടുക്കാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് സംഭവത്തില്‍ ആദ്യ പ്രതികരണവുമായി പാക് പ്രധാനമന്ത്രി രംഗത്തെത്തിയത്. ഇന്ത്യ തെളിവുകളില്ലാതെയാണ് പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നതെന്നും ഇമ്രാന്‍ ഖാന്‍ പാക് ടെലിവിഷനിലൂടെ ആരോപിച്ചു. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ആസ്ഥാനമായ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടന ഏറ്റെടുത്തിരുന്നു.
പുല്‍വാമ ഭീകരാക്രമണം നടത്താന്‍ മസൂദ് അസര്‍ നിര്‍ദ്ദേശം നല്‍കിയത് പാകിസ്ഥാനിലെ സൈനിക ആശുപത്രിയില്‍നിന്നാണെന്നത് അടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇവയ്ക്കെല്ലാം പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുള്ളത്. ഇത് പുതിയ പാകിസ്ഥാനാണെന്നും മറ്റു രാജ്യങ്ങളെ ആക്രമിക്കുക എന്നത് തങ്ങളുടെ ലക്ഷ്യമില്ലെന്നും ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടു.
പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. ജവാന്മാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ ലോകരാജ്യങ്ങള്‍ വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ തിരിച്ചടിക്കുമെന്ന് ഇന്ത്യയും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി തന്നെ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്.





