Home Breaking News ദീപുവിന്റെ കൊലപാതകം, നാല് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്

ദീപുവിന്റെ കൊലപാതകം, നാല് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്

3
0

കൊച്ചി: ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ നാല് പ്രതികള്‍ക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തി. നേരത്തെ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസെടുത്തിരുന്നത്. ദീപു മരിച്ച സാഹചര്യത്തിലാണ് കൊലക്കുറ്റം ചുമത്തി കേസെടുത്തത്. കേസില്‍ സിപിഎം പ്രവര്‍ത്തകരായ ബഷീര്‍, സൈനുദ്ദീന്‍, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12 നാണ് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന് പരിക്കേറ്റത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. ദീപുവിന്റെ പോസ്റ്റ് മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കും. ദീപുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്റ്റ് മോര്‍ട്ടം കോട്ടയത്തേക്ക് മാറ്റിയത്. ഇന്നലെ രാത്രിയാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ട് പോയത്. വൈകീട്ട് മൂന്ന് മണിക്ക് മൃതദേഹം കിഴക്കന്പലത്തെ ട്വന്റി ട്വന്റി നഗറില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. പിന്നീട് വിലാപയാത്രയായി വീട്ടിലെത്തിക്കും. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം 5.30 ഓടെ കാക്കനാട് അത്താണിയിലെ പൊതു ശ്മശാനത്തിലാണ് സംസ്‌കാരം. ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്നാണ് പാര്‍ട്ടിയുടെ ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ആരോപിക്കുന്നത്. സിപിഎമ്മിനും, കുന്നത്ത് നാട് എംഎല്‍എ പിവി ശ്രീനിജനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നത്. ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചുവെന്നും ദീപുവിന് കരള്‍ രോഗമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രീനിജന്‍ ശ്രമിക്കുന്നുവെന്നും ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ആരോപിച്ചു. ‘ദീപുവിനെ മര്‍ദ്ദിക്കാനാണ് സിപിഎം പ്രവര്‍ത്തകരെത്തിയതെന്നും വിളക്കണക്കല്‍ സമരത്തെ കുറിച്ച് പറയാന്‍ കോളനിയിലെ വീടുകള്‍ കയറി നടക്കുമ്പോള്‍ പതിയിരുന്നാണ് ആക്രമിച്ചതെന്നും സാബു ആരോപിച്ചു. പ്രൊഫഷണല്‍ രീതിയിലുള്ള ആക്രമണമായിരുന്നു. പുറത്തേക്ക് യാതൊരു പരിക്കും ഏല്‍ക്കാതെ ആന്തരികമായ ക്ഷതമേല്‍പ്പിക്കുന്ന മര്‍ദ്ദനമാണ് നടത്തിയത്. വാര്‍ഡ് മെമ്പര്‍ സ്ഥലത്ത് എത്തുമ്പോള്‍ ദീപുവിനെ മതിലിനോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ആന്തരികമായേറ്റ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്നും സാബു പ്രതികരിച്ചു.എന്നാല്‍ സാബു എം ജേക്കബിന്റെ ആരോപണങ്ങള്‍ കുന്നത്ത് നാട് എംഎല്‍എ പിവി ശ്രീനിജന്‍ തള്ളി. വാസ്തവ വിരുദ്ധമായ ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നതെന്നും കേസിലേക്ക് തന്നെ വലിച്ചിഴക്കാന്‍ ശ്രമം നടക്കുന്നുവെന്നും ശ്രീനിജന്‍ ആരോപിച്ചു. സാബുവിന്റെ ആരോപങ്ങള്‍ പൊലീസ് അന്വേഷിക്കട്ടെ. ‘തന്റെ ഫോണും കോള്‍ ലിസ്റ്റും പൊലീസ് പരിശോധിക്കട്ടെ. അതില്‍ ഭയപ്പെടുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകരെന്ന നിലയില്‍ പ്രതികളെ അറിയാം. പ്രതികള്‍ ഒളിവില്‍ പോയെന്ന ആരോപണം ശരിയല്ലെന്നും ശ്രീനിജന്‍ എംഎല്‍എ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here