Kerala Pranamam

നാടുണര്‍ത്തി മുന്നേറ്റം

കുമളി : അവകാശപ്പോരാട്ട വഴികളിലെ രണധീരരുടെ സ്മരണകള്‍ ആവേശത്തിരയായി അലയടിച്ചുയര്‍ന്ന അന്തരീക്ഷത്തില്‍ അഭിമന്യു നഗറില്‍(കുമളി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് മൈതാനം) ചെമ്പതാക ഉയര്‍ന്നു. സ്വാഗതസംഘം ചെയര്‍മാന്‍ കെ എസ് മോഹനന്‍ പതാക ഉയര്‍ത്തി. സിപിഐ എം 23—ാം പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ രക്തസാക്ഷി കുടീരങ്ങളില്‍നിന്നു എത്തിയ വിവിധ ജാഥകളാണ് പാവങ്ങളുടെ പടത്തലവനായ എ കെ ജിയുടെ ഐതിഹാസിക സമരഭൂമിയില്‍ സംഗമിച്ചത്.ബാന്‍ഡുമേളത്തിന്റെയും നൂറുകണക്കിന് അത്ലറ്റുകളുടെയും അകമ്പടിയോടെയാണ് ജാഥകളെ സമ്മേളന നഗരിയിലേക്ക് ആനയിച്ചത്. നേതാക്കളും വര്‍ഗബഹുജന സംഘടനാ പ്രവര്‍ത്തകരും അനുഗമിച്ചു. കരിമരുന്നുപ്രയോഗം വര്‍ണവിസ്മയം തീര്‍ത്തു. വിനോദസഞ്ചാരികളടക്കം ആയിരങ്ങള്‍ വീഥിക്കിരുവശവും ജാഥ വീക്ഷിച്ചു. ദീപശിഖ, പതാക, കൊടിമര, കപ്പി- -കയര്‍, ഛായാചിത്ര ജാഥകള്‍ പ്രതിനിധി സമ്മേളന നഗറിനു സമീപം ചെളിമടയില്‍ സംഗമിച്ച് ജാഥയായാണ് പൊതുസമ്മേളന നഗറായ അഭിമന്യു നഗറിലേക്ക് എത്തിയത്. രാജാക്കാട്ടിലെ അനശ്വര രക്തസാക്ഷി കെ എന്‍ തങ്കപ്പന്റെ സ്മൃതിമണ്ഡപത്തില്‍നിന്ന് ജില്ലാ സെക്രട്ടറിയറ്റംഗം വി എന്‍ മോഹനന്റെ നേതൃത്വത്തില്‍ എത്തിച്ച പതാക സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായിയുടെ നേതൃത്വത്തില്‍ തൊടുപുഴയിലെ രക്തസാക്ഷി കെ എസ് കൃഷ്ണപിള്ളയുടെ സ്മൃതിമണ്ഡപത്തില്‍നിന്ന് എത്തിച്ച കൊടിമരം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ ഏറ്റുവാങ്ങി പൊതുസമ്മേളന നഗറില്‍ സ്ഥാപിച്ചു.മണ്‍മറഞ്ഞ നേതാവ് കെ എസ് കൃഷ്ണന്റെ കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍നിന്ന് ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന കപ്പിയും കയറും സെക്രട്ടറിയറ്റംഗം സി വി വര്‍ഗീസ് ഏറ്റുവാങ്ങി. വട്ടവടയിലെ അഭിമന്യു സ്മൃതികുടീരത്തില്‍നിന്ന് ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശിയുടെ നേതൃത്വത്തില്‍ എത്തിച്ച ദീപശിഖ സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി ഏറ്റുവാങ്ങി പൊതുസമ്മേളന നഗറിലെ അയ്യപ്പദാസ് സ്‌ക്വയറില്‍ സ്ഥാപിച്ചു. സമ്മേളന നഗരിയില്‍ സ്ഥാപിക്കുന്നതിനായി രക്തസാക്ഷി അനീഷ് രാജന്റെ വീട്ടില്‍നിന്ന് ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന ഛായാചിത്രങ്ങള്‍ സ്വാഗതസംഘം സെക്രട്ടറി ആര്‍ തിലകന്‍ ഏറ്റുവാങ്ങി.തിങ്കള്‍ രാവിലെ ഒമ്പതിന് എ കെ ദാമോദരന്‍ നഗറില്‍(ഹോളിഡേ ഹോം) ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. കേന്ദ്രകമ്മിറ്റിയംഗങ്ങളായ എ വിജയരാഘവന്‍, വൈക്കം വിശ്വന്‍, എം സി ജോസഫൈന്‍, കെ രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം എം മണി, കെ ജെ തോമസ്, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. ചൊവ്വാഴ്ചയും പ്രതിനിധി സമ്മേളനം തുടരും. ബുധന്‍ പകല്‍ മൂന്നിന് അഭിമന്യു നഗറില്‍(കുമളി ബസ് സ്റ്റാന്‍ഡ്) ചേരുന്ന പൊതുസമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. പ്രമുഖനേതാക്കള്‍ സംസാരിക്കും.