Please select a YouTube embed to display.

ആലുവ: 20 -ാം പാർട്ടി കോൺഗ്രസ് തീരുമാനത്തിന് വിരുദ്ധമായി നാലാം വട്ടവും ആലുവ ഏരിയ സെക്രട്ടറിയായ വി. സലീമിനെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി. തുടർച്ചയായി മൂന്ന് തവണയിൽ അധികം സെക്രട്ടറി പദത്തിൽ തുടരാൻ പാടില്ലെന്ന് 20 -ാം പാർട്ടി കോൺഗ്രസ് തീരുമാനിച്ചിരുന്നു. ഇതിന് വിരുദ്ധമാണ് ഇക്കുറി വി. സലീമിനെ സെക്രട്ടറിയാക്കിയതെന്നാണ് പരാതി.
കീഴ്മാട് ലോക്കൽ അതിർത്തിയിൽ നിന്നുള്ള ഒരു ഏരിയ കമ്മിറ്റി അംഗമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രേഖാമൂലം പരാതി നൽകിയത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ശർമ്മ എം.എൽ.എ, സി.എൻ. മോഹനൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.കെ. മോഹനൻ, സി.കെ. മണിശങ്കർ, പി.ആർ. മുരളീധരൻ, ജോൺ ഫെർണാണ്ടസ് എന്നിവർ പാർട്ടി തീരുമാനം ലംഘിക്കുന്നതിന് കൂട്ടുനിന്നെന്നും പരാതിയിലുണ്ട്. 20 -ാം പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ വി. സലീം ഏരിയ സെക്രട്ടറിയായിരുന്നു. 21 -ാം കോൺഗ്രസിലും 22ലും സലീം തന്നെ സെക്രട്ടറിയായി. ഇതോടെ മൂന്ന് ടേം പിന്നിട്ടെന്നാണ് പരാതി. എന്നാൽ 20 -ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടന്ന ഏരിയ സമ്മേളനത്തിൽ എം.ജെ. ജോണിയാണ് സെക്രട്ടറിയായത്. പാർട്ടി കോൺഗ്രസ് നടക്കുന്നതിന് മുമ്പായി വാഹനപകടത്തിൽ എം.ജെ. ജോണി മരണപ്പെട്ടു. ഏരിയ സമ്മേളനം കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമായിരുന്നു അപകടം. തുടർന്നാണ് ഏരിയ കമ്മിറ്റി സലീമിനെ സെക്രട്ടറിയാക്കിയത്.
മൂന്ന് ടേം തികയാൻ അഞ്ച് മാസം ബാക്കിയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് സലീമിനെ ഇക്കുറി വീണ്ടും സെക്രട്ടറിയാക്കിയത്. ജില്ലാ കമ്മിറ്റിയിലെ ചിലരുടെ ആശീർവാദത്തോടെയായിരുന്നു. ഇത്തരത്തിൽ നിരവധി ഇളവുകൾ സലീമിനെ നേരത്തെയും ലഭിച്ചിട്ടുണ്ട്. പാർട്ടി ഏരിയ സെക്രട്ടറി സ്ഥാനം വഹിക്കുന്നവർ മറ്റ് പാർലമെന്ററി ചുമതലകൾ വഹിക്കാൻ പാടില്ലെന്നാണ് തീരുമാനം. എന്നാൽ സലീം സെക്രട്ടറിയായിരിക്കെ നഗരസഭ വൈസ് ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. നിയമസഭയിലേക്ക് മത്സരിച്ച ഏരിയ സെക്രട്ടറിമാരിൽ ആരും പിന്നീട് സെക്രട്ടറി സ്ഥാനത്ത് തുടർന്നിട്ടില്ല. ഇവിടെ സലീം മത്സരിച്ചപ്പോൾ തൃക്കാക്കര സ്വദേശിയായ സി.കെ. പരീതിനാണ് സെക്രട്ടറിയുടെ ചുമതല. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് സലീം വീണ്ടും സെക്രട്ടറിയായി. ഇത്തരത്തിൽ സലീമിന് ലഭിച്ച ഇളവുകളിലൊന്നാണ് ഇപ്പോഴത്തെ സെക്രട്ടറി സ്ഥാനവും.
ഏരിയ സമ്മേളനത്തിന് ശേഷം കമ്മിറ്റിയിൽ ഉണ്ടായ ധ്രുവീകരണമാണ് പരാതിയിലേക്കെത്തിച്ചതെന്നാണ് സൂചന. 19 അംഗ ഏരിയ കമ്മിറ്റിയിൽ രജീവ് സക്കറിയ, പി.എം. സഹീർ, പി.എ. അബൂബക്കർ, അജിത്ത് എടത്തല, ടി.കെ. ഷാജഹാൻ, കെ.എ. അലിയാർ എന്നിവർ മാത്രമാണ് സലീമിനെ പൂർണമായി പിന്തുണക്കുന്നത്. മറ്റുള്ളവർ പരാതിക്കാരനെയാണ് അനുകൂലിക്കുന്നതെന്നാണ് ശ്രുതി.







