Home Trivandrum നിയമസഭാ തിരഞ്ഞെടുപ്പില്‍ മേയറുടെ രണ്ടാം അങ്കം

നിയമസഭാ തിരഞ്ഞെടുപ്പില്‍ മേയറുടെ രണ്ടാം അങ്കം

1
0

തിരുവനന്തപുരം: മുന്‍ മേയര്‍മാര്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മത്സരിക്കാത്ത കീഴ്വഴക്കം തെറ്റിച്ച് തലസ്ഥാനത്തെ മേയര്‍ കെ.ശ്രീകുമാര്‍ വീണ്ടും മത്സരത്തിനൊരുങ്ങുന്നു. തന്റെ വാര്‍ഡായ ചാക്ക വനിതാ സംവരണമായതോടെ കരിക്കകം വാര്‍ഡില്‍ നിന്നാണ് മേയര്‍ തുടര്‍ച്ചയായ രണ്ടാംതവണ ജനവിധി തേടുന്നത്. നാല് വര്‍ഷം ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന ശ്രീകുമാര്‍, മുന്‍ മേയര്‍ ‘ബ്രോ’ വി.കെ.പ്രശാന്ത് വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് എം.എല്‍.എ ആയതോടെയാണ് മേയര്‍ സ്ഥാനത്ത് എത്തിയത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ നാല് വര്‍ഷവും മേയര്‍ എന്ന നിലയില്‍ ഒരുവര്‍ഷക്കാലവും നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളുടെ ആത്മവിശ്വാസവുമായാണ് ശ്രീകുമാര്‍ വീണ്ടും മത്സരിക്കാനിറങ്ങുന്നത്. കരിക്കകം വാര്‍ഡ് തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ശ്രീകുമാര്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നത്. 2015ല്‍ 646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കരിക്കകത്ത് ബി.ജെ.പിയിലെ ഹിമ സജി വിജയിച്ചത്.1995 മുതല്‍ നഗരത്തില്‍ മേയറായിരുന്നവര്‍ ആരും തന്നെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടാംതവണ ജനവിധി തേടിയിട്ടില്ല. പ്രൊഫ.ജെ.ചന്ദ്ര, സി.ജയന്‍ബാബു, വി.ശിവന്‍കുട്ടി എന്നിവരെല്ലാം മേയര്‍മാരായിരുന്നവരാണ്. ചന്ദ്ര 1995ല്‍ കൗണ്‍സിലറായി. 2000ല്‍ ആണ് നഗരത്തിന്റെ ആദ്യ വനിതാ മേയര്‍ ആയത്. എന്നാല്‍ 2005ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. പിന്നീട് 2010ല്‍ വീണ്ടും മത്സരിക്കുകയും ജയിച്ച് കൗണ്‍സിലറാവുകയും ചെയ്തു.ജയന്‍ ബാബു 1988ല്‍ തൈക്കാട് വാര്‍ഡില്‍ നിന്നാണ് കൗണ്‍സിലറായത്. ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന വിശേഷണത്തോടെ ആയിരുന്നു അന്ന് അദ്ദേഹം മേയറായത്. 2005ല്‍ പാപ്പനംകോട് വാര്‍ഡില്‍ നിന്ന് മത്സരിച്ച ജയന്‍ബാബു വീണ്ടും മേയറായി. 2015ല്‍ സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ പാങ്ങോട് വാര്‍ഡില്‍ നിന്ന് മത്സരിച്ചെങ്കിലും ബി.ജെ.പി സ്ഥാനാര്‍ത്ഥിയോട് 48 വോട്ടിന് പരാജയപ്പെട്ടു. മൂന്ന് പതിറ്റാണ്ടിനിടെ പാങ്ങോട് വാര്‍ഡിലെ സി.പി.എമ്മിന്റെ ആദ്യ തോല്‍വിയായിരുന്നു ഇത്.കഴിഞ്ഞ തവണ 1075 വോട്ടുകള്‍ക്കാണ് ചാക്കയില്‍ നിന്ന് ശ്രീകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടത്. വനിതാ സംവരണമായതിനാല്‍ ഇത്തവണ സി.പി.എം അധികാരം നിലനിറുത്തിയാലും മേയറാകാന്‍ ശ്രീകുമാറിന് കഴിയില്ല. എന്നാല്‍, കരിക്കകത്ത് മികച്ച വിജയമുണ്ടായാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റില്‍ അവകാശവാദം ഉന്നയിക്കാന്‍ തനിക്ക് കഴിയുമെന്നും ശ്രീകുമാര്‍ കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here