തിരുവനന്തപുരം: വിലകുറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ തുടരുമ്പോഴും സംസ്ഥാനത്ത് പച്ചക്കറിക്ക് തീവില തന്നെ. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും (kozhikode) തക്കാളി വില സെഞ്ച്വറിയടിച്ചു. മറ്റിനങ്ങള്‍ക്കും ആഴ്ചകളായി ഉയര്‍ന്നവില തുടരുകയാണ്. മുരിങ്ങക്കായാണ് കുത്തനെ വില കയറിയ മറ്റൊരിനം. മൂന്നൂറ് രൂപയാണ് ഇന്നത്തെ കിലോവില. വെണ്ട കിലോയ്ക്ക് എഴുപതും ചേനയും ബീന്‍സും കാരറ്റും കിലോക്ക് അറുപതും രൂപയാണ് വില. മണ്ഡലകാലം തുടങ്ങിയതോടെ പച്ചക്കറിക്ക് ആവശ്യക്കാരേറിയ സമയത്തെ വിലക്കയറ്റം കച്ചവടക്കാരെയും കാര്യമായി ബാധിച്ചിട്ടുണ്ട്. വിലക്കയറ്റം തടയാന്‍ തെങ്കാശിയിലെ കര്‍ഷകരില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് പച്ചക്കറി ശേഖരിക്കും
ഇതര സംസ്ഥാനങ്ങളിലെ മഴക്കെടുതി കാരണം ഉല്‍പാദനം കുറഞ്ഞതാണ് വിലകൂടാന്‍ കാരണമായി പറയുന്നത്. അതേസമയം ഹോര്‍ട്ടികോര്‍പ്പ് കുറഞ്ഞ വിലയ്ക്ക് വില്‍പ്പന തുടരുകയാണ്. വില കുത്തനെ കൂടിയെങ്കിലും പിടിച്ചുനിര്‍ത്താനുള്ള ശ്രമം ഹോര്‍ട്ടികോര്‍പ്പ് തുടരുകയാണ്. കഴിഞ്ഞ തിങ്കളാള്ച മുതല്‍ ശരാശരി 80 ടണ്‍ പച്ചക്കറി തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമായി ഹോര്‍ട്ടികോര്‍പ്പ് കേരളത്തിലെത്തിക്കുന്നുണ്ട്. തെതെങ്കാശിയില്‍നിന്നും നേരിട്ട് പച്ചക്കറി സംഭരിക്കുന്നതിനായി ബുധനാഴ്ച കരാറൊപ്പിടുമെന്നാണ് ഹോര്‍ട്ടികോര്‍പ്പ് അറിയിച്ചിരിക്കുന്നത്. തെങ്കാശിയില്‍ സംഭരണകേന്ദ്രം ആരംഭിച്ച് ഇടനിലക്കാരെ ഒഴിവാക്കി വിലക്കയറ്റം പിടിച്ച് നിര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സംഭരണ കേന്ദ്രം തുടങ്ങാന്‍ ആലോചനയുണ്ട്.








