Home Breaking News പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടി

പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടി

1
0

ദില്ലി: രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത ആവശ്യം അംഗീകരിച്ച് പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടി. ഫെബ്രുവരി 14 ന് നടത്താനാന്‍ തീരുമാനിച്ച തെരഞ്ഞെടുപ്പ് 20 ലേക്കാണ് മാറ്റിയത്. ഗുരു രവി ദാസ് ജയന്തി ആഘോഷം കണക്കിലെടുത്താണ് കമ്മീഷന്റെ തീരുമാനം. നേരത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ തിയ്യതി മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ കമ്മീഷന്‍ യോഗം ചേര്‍ന്നാണ് തീരുമാനം.ഗുരു രവിദാസിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യം ആദ്യം ഉന്നയിച്ചത് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയായിരുന്നു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ദളിത് വിഭാഗത്തിലുള്ളവര്‍ ഈ സമയത്ത് വാരണസിലേക്ക് പോകുന്നതിനാല്‍ തിയ്യതി മാറ്റണമെന്നാണ് ചന്നി ആവശ്യപ്പെട്ടത്. പിന്നാലെ ബിജെപി, ബിഎസ്പി, ആംആദ്മി പാര്‍ട്ടി ഉള്‍പ്പെടെ ഈ ആവശ്യം ഉന്നയിച്ച് കമ്മീഷനെ സമീപിച്ചു. തുടര്‍ന്നാണ് ഇന്ന് കൂടിയ കമ്മീഷന്റെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായത്. ഫെബ്രുവരി 10 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലാണ് തീര്‍ത്ഥാടനം. ഇതിനിടെ പഞ്ചാബില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ കോണ്‍ഗ്രസിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ മുഖ്യമന്ത്രി ചന്നിയുടെ സഹോദരന്‍ മനോഹര്‍ സിങ്ങിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. സിറ്റിങ് എംഎല്‍എ ഗുര്‍പ്രീത് സിങ്ങിനാണ് ബസി പത്താന മണ്ഡലത്തില്‍ സീറ്റ് കൊടുത്തത്. ചന്നിക്കും കുടുംബത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലം കൂടിയാണിത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥ്വത്തെ ചൊല്ലി ചന്നിയും നവജ്യോത് സിങ്ങ് സിദ്ദും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെ ചന്നി കുടുംബത്തില്‍ നിന്ന് റിബല്‍ സ്ഥാനാര്‍ത്ഥി കൂടി എത്തുന്നത്. അതേ സമയം ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. പതിനഞ്ച് ലക്ഷം പേര്‍ പങ്കെടുത്തെന്ന് ആംആദ്മി പാര്‍ട്ടി അറിയിച്ചു. അതിനിടയില്‍ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയായി ഫിറോസ്പൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ആഷു ബാംഗര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. നേതൃത്വത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് രാജി. കുത്തക കമ്പനി പോലെയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നാണ് ആഷു ബാംഗര്‍ ഉയര്‍ത്തുന്ന ആക്ഷേപം.

LEAVE A REPLY

Please enter your comment!
Please enter your name here