Home Kerala കോണ്‍ഗ്രസിന് 12 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളായി; നാലു സീറ്റുകളില്‍ തര്‍ക്കം തുടരുന്നു; കെ വി തോമസിന് സീറ്റില്ല;...

കോണ്‍ഗ്രസിന് 12 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളായി; നാലു സീറ്റുകളില്‍ തര്‍ക്കം തുടരുന്നു; കെ വി തോമസിന് സീറ്റില്ല; രാജ് മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട്ട്

3
0

തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച തര്‍ക്കം തുടരുന്നു. വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍, വടകര ലോക്സഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ചാണ് തര്‍ക്കം തുടരുന്നത്. സ്ഥാനാര്‍ത്ഥികള്‍ക്കായി എ,ഐ ഗ്രൂപ്പുകള്‍ ഗ്രൂപ്പ് തിരിഞ്ഞ് ആവശ്യം ഉന്നയിച്ചതോടെ ഇന്നലെ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ തീരുമാനം എടുക്കാനായില്ല. പന്ത്രണ്ട് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളായി.

പട്ടികയില്‍ പുതുമുഖങ്ങള്‍ക്കാണ് പ്രാധാന്യം. കാസര്‍ഗോട്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി. എറണാകുളത്തു സിറ്റിങ് എം.പി: കെ.വി. തോമസിനു പകരം യുവനേതാവും സിറ്റിങ് എം.എല്‍.എയുമായ ഹൈബി ഈഡന്‍ മത്സരിക്കും. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തേത്തുടര്‍ന്നു ശ്രദ്ധാകേന്ദ്രമായ കാസര്‍ഗോഡ് മണ്ഡലത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താനാണ് സ്ഥാനാര്‍ത്ഥി. അന്തിമപട്ടികയില്‍നിന്നു ബി. സുബ്ബറായിയുടെ പേര് വെട്ടിമാറ്റിയാണു ഉണ്ണിത്താനെ ഉള്‍പ്പെടുത്തിയത്.

കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍ എന്നിവര്‍ മത്സരരംഗത്തില്ല. ഇന്നലെ രാവിലെ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലും ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്ന ആവശ്യത്തിനായിരുന്നു മുന്‍ഗണന. സിറ്റിങ് എം.പി. ആന്റോ ആന്റണിക്കെതിരേ ശക്തമായ പ്രാദേശികവികാരമുള്ളതിനാല്‍ പത്തനംതിട്ടയില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. വൈകിട്ട് ആറരയോടെ യു.പി.എ. അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണു പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്.

വയനാട് സീറ്റ് ടി സിദ്ദിഖിന് നല്‍കണമെന്നാണ് എ ഗ്രൂപ്പ് ആവശ്യം ഉന്നയിക്കുന്നത്. എന്നാല്‍ ഷാനിമോള്‍ ഉസ്മാന് നല്‍കണമെന്ന് ഐ ഗ്രൂപ്പും ആവശ്യപ്പെട്ടു. ഇതിനിടെ കെപിസിസി സെക്രട്ടറി കെ പി അബ്ദുള്‍ മജീദും വിവി പ്രകാശും വയനാടിനായി രംഗത്തെത്തി. തര്‍ക്കം രൂക്ഷമായതോടെ കെ മുരളീധരന്‍ എംഎല്‍എയെ വയനാട്ടില്‍ മല്‍സരിപ്പിക്കുന്നതും ഹൈക്കമാന്‍ഡ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

പി ജയരാജന്‍ മല്‍സരിക്കുന്ന വടകരയില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറായ വിദ്യാ ബാലകൃഷ്ണനെയാണ് കോണ്‍ഗ്രസ് ആദ്യം പരിഗണിച്ചത്. എന്നാല്‍ കരുത്തനായ ജയരാജനെതിരെ, ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു. ഇതോടെ വിദ്യയുടെ സാധ്യത അടഞ്ഞു. വയനാട്ടില്‍ പരിഗണിക്കുന്ന ടി സിദ്ദിഖിനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതും നേതൃത്വം ആലോചിക്കുന്നുണ്ട്.

ഷാനിമോള്‍ ഉസ്മാന്റെ സീറ്റ് ഏതെന്ന് ധാരണയാകാത്തതാണ് ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലത്തെ സ്ഥാനാര്‍ത്ഥിത്വവും അനിശ്ചിതത്വത്തിലാക്കിയത്. വയനാടിനൊപ്പം ആലപ്പുഴയിലും ഷാനിമോളുടെ പേര് പരിഗണിക്കുന്നുണ്ട്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന്റെ പേരും സജീവ പരിഗണനയിലുണ്ട്. അതിനിടെ ഷാനിമോള്‍ ഉസ്മാനെ ആറ്റിങ്ങലും അടൂര്‍ പ്രകാശിനെ ആലപ്പുഴയിലും സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. മുന്‍ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറും ആലപ്പുഴയ്ക്കായി അവകാശവാദം ഉന്നയിച്ചിരുന്നു.

ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക

കാസര്‍ഗോഡ്- രാജ്മോഹന്‍ ഉണ്ണിത്താന്‍
കണ്ണൂര്‍- കെ. സുധാകരന്‍
കോഴിക്കോട്- എം.കെ. രാഘവന്‍
ആലത്തൂര്‍- രമ്യ ഹരിദാസ്
പാലക്കാട്- വി.കെ. ശ്രീകണ്ഠന്‍
തൃശൂര്‍- ടി.എന്‍. പ്രതാപന്‍
ചാലക്കുടി- ബെന്നി ബഹനാന്‍
എറണാകുളം- ഹൈബി ഈഡന്‍
പത്തനംതിട്ട- ആന്റോ ആന്റണി
ഇടുക്കി- ഡീന്‍ കുര്യാക്കോസ്
മാവേലിക്കര- കൊടിക്കുന്നില്‍ സുരേഷ്
തിരുവനന്തപുരം- ശശി തരൂര്‍

LEAVE A REPLY

Please enter your comment!
Please enter your name here