Home Kerala പരശുറാം എക്‌സ്പ്രസിന്റെ ജനറല്‍ കോച്ചുകള്‍ മുന്നറിയിപ്പില്ലാതെ വെട്ടിക്കുറച്ചു

പരശുറാം എക്‌സ്പ്രസിന്റെ ജനറല്‍ കോച്ചുകള്‍ മുന്നറിയിപ്പില്ലാതെ വെട്ടിക്കുറച്ചു

2
0

കോഴിക്കോട്: പരശുറാം എക്സ്പ്രസില്‍ മുന്നറിയിപ്പില്ലാതെ കോച്ചുകള്‍ വെട്ടിക്കുറച്ചു. ജനം ഏറെ ആശ്രയിക്കുന്ന പരശുറാം എക്‌സ്പ്രസിന് സ്ഥിരം 21 കോച്ചുകളുണ്ടായപ്പോള്‍ 15 ജനറല്‍ കോച്ചുകളാണുണ്ടായിരുന്നത്. എന്നിട്ടും തിരക്കിന് കുറവുണ്ടായില്ല. പിന്നീട് വന്ന മൂന്ന് ഡി-റിസര്‍വേഷന്‍ കോച്ചുകള്‍ക്ക് വേണ്ടി നിലവില്‍ ഉള്ള ജനറല്‍ കോച്ചുകളാണ് ഉപയോഗിക്കുന്നത്. അതോടെ ജനറല്‍ കോച്ചുകള്‍ 12 ആയി ചുരുങ്ങി.

ഒരു ലേഡീസ് കോച്ച് കൂട്ടിയപ്പോഴും സാധാരണക്കാരുടെ ചങ്കത്താണ് റെയില്‍വേ അടിച്ചത്. ജനറല്‍ കോച്ച് വെട്ടിച്ചുരുക്കിയാണ് ഇടം കണ്ടെത്തിയത്. പിന്നീടും കോച്ചുകള്‍ കുറയുന്ന കാഴ്ചയായിരുന്നു. ഈ ബുധനാഴ്ച പരശുറാം എക്‌സ്പ്രസ് ഓടിയത് വെറും 19 കോച്ചുകളുമായിട്ടാണ്. അതില്‍ ആകെയുള്ള ഒമ്പത് ജനറല്‍ കോച്ചുകളില്‍ രണ്ട് എണ്ണം സൈനികര്‍ക്കായി വിട്ടു നല്‍കുകയും ചെയ്തു. അതോടെ ജനറല്‍ കോച്ചുകളുടെ എണ്ണം ഏഴായി. 21 കോച്ചുമായി ഓടുമ്പോള്‍ തന്നെ വന്‍ തിരക്ക് അനുഭവപ്പെടുന്ന പരശുറാം എക്സ്പ്രസിനോടാണ് റെയില്‍വേയുടെ ഈ ക്രൂരത.

റെയില്‍വേയുടെ ഈ നടപടിക്കെതിരേ പരശുറാം എക്സ്പ്രസിലെ സ്ഥിരം യാത്രക്കാര്‍ മലബാര്‍ ട്രെയിന്‍ പാസ്സഞ്ചേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. മലബാര്‍ മേഖലയിലെ സ്ഥിരം യാത്രക്കാര്‍ രാവിലെയും വൈകുന്നേരവുമായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് പരശുറാം എക്സ്പ്രസിനെയാണ്. ഇതിലെ എടുത്ത് കളഞ്ഞ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കണമെന്നും സാധാരണക്കാരായ യാത്രക്കാരോടുള്ള റെയില്‍വേയുടെ അവഗണന അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here