ആലപ്പുഴ: ഗജരാജന്‍ അമ്ബലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞ സംഭവം പാപ്പാന്മാരുടെ കൊടിയ പീഡനമാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. കരുനാഗപ്പള്ളിയില്‍ എഴുന്നള്ളിപ്പിനായി കൊണ്ടു പോയ ശേഷം ഹരിപ്പാട് ക്ഷേത്രത്തിലെത്തിച്ചപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളും എഴുന്നള്ളിപ്പിനായി കൊണ്ടു പോയ സ്ഥലങ്ങളിലെ ദൃശ്യങ്ങളുമാണ് പുറത്തു വന്നത്. അമ്ബലപ്പുഴ വിജയകൃഷ്ണന്‍ എന്ന പേരിലുള്ള ആനപ്രേമി സംഘമാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.പരിക്കേറ്റ് നീരു വന്ന കാലില്‍ ചവിട്ടി ആനപ്പുറത്തേക്ക് പാപ്പാന്‍ കയറുന്നു. നീരു വന്ന കാല്‍ മുകളിലേക്കുയര്‍ത്താന്‍ പെടാപ്പാട് പെടുന്ന വിജയകൃഷ്ണനെ ശാസിച്ചു കൊണ്ട് പാപ്പാന്‍ കണ്ണില്ലാത്ത ക്രൂരത കാട്ടുകയായിരുന്നു. പരിക്കേറ്റ് നീരുവന്ന വലതുകാല്‍ നടക്കുമ്‌ബോള്‍ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്ന് വീഡിയോ ദൃശ്യം കാണുമ്‌ബോള്‍ മനസ്സിലാക്കാം. ഇത്രയും ഗുരുതരമായ അവസ്ഥയിലായിരുന്ന ആനയെയാണ് വിവിധ ക്ഷേത്രങ്ങളിലേക്ക് എഴുന്നള്ളിപ്പിനായി ദേവസ്വം ഡെപ്യൂട്ടി കമ്മീഷ്ണര്‍ അയച്ചത്.ആറുമാസം മുമ്ബ് കാലിന് പരിക്കേറ്റ വിജയകൃഷ്ണന് പൂര്‍ണവിശ്രമം ആവശ്യമാണെന്ന് ദേവസ്വം ബോര്‍ഡ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും വനംവകുപ്പും നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ ഇത് പരിഗണിക്കാതെ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളില്‍ ചടങ്ങുകള്‍ക്ക് കൊടുത്തിരുന്നു.ഈ സമയങ്ങളില്‍ വിജയകൃഷ്ണനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മുന്നിലെയും പിന്നിലെയും കാലുകള്‍ മര്‍ദ്ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. തലക്കും പരിക്കുകളുണ്ട്. അവശനായ വിജയകൃഷ്ണനെ പിന്നീട് ഹരിപ്പാട് തളച്ചിരിക്കുകയായിരുന്നു. ജനുവരി 28-നാണ് വിജയകൃഷ്ണനെ മറ്റു ക്ഷേത്രങ്ങളില്‍ എഴുന്നള്ളിക്കുന്നതിനായി അമ്ബലപ്പുഴയില്‍നിന്നു കൊണ്ടുപോയത്. അതിനിടെ ആനയുടെ നില മോശമായെന്നറിഞ്ഞ് അമ്ബലപ്പുഴയില്‍നിന്ന് ആനപ്രേമികള്‍ പോയി കണ്ടിരുന്നു.വിവരമറിഞ്ഞ് ബിജെപി അമ്ബലപ്പുഴ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ഇടപെട്ടതിനെ തുടര്‍ന്ന് ചികിത്സ നല്‍കിയിരുന്നു. പിന്നീട് കഴിഞ്ഞ 26ന് രാത്രിയില്‍ ലോറിയില്‍ അമ്ബലപ്പുഴയില്‍ എത്തിക്കുകയായിരുന്നു. വലതുകാലിലെ മുറിവ് വലുതായി നില്‍ക്കാനാവാത്തവിധം അവശതയിലായിരുന്നു. അതുമൂലം ഇത്തവണ അമ്ബലപ്പുഴ ഉത്സവത്തിന് എഴുന്നള്ളിച്ചില്ല. അവശതയിലായ ആന, തളച്ചിരുന്ന തെങ്ങ് താങ്ങാക്കിയാണ് നിന്നിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.ഇവിടെ വന്നതിനുശേഷവും ആനയെ മര്‍ദ്ദിച്ചിരുന്നു. ക്രൂരമര്‍ദ്ദനമാണ് വിജകൃഷ്ണനെ അമ്ബലപ്പുഴക്ക് നഷ്ടപ്പെടാന്‍ കാരണമെന്നാരോപിച്ച് നാട്ടുകാരും ഭക്തരും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥലത്തെത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാതെ ആനയുടെ ജഡം മാറ്റാന്‍ അനുവദിക്കില്ലെന്നായിരുന്നു നിലപാട്. വൈകീട്ട് ആറുമണിയോടെ സ്ഥലത്തെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, ബോര്‍ഡംഗം തങ്കപ്പന്‍ എന്നിവരെ പ്രതിഷേധക്കാര്‍ തടഞ്ഞു. രോക്ഷാകുലരായി മാറിയ ജനങ്ങള്‍ ചെരുപ്പും കുപ്പികളും ഇവര്‍ക്ക് നെരെ വലിച്ചെറിഞ്ഞു. പൊലീസും ഇലക്ഷന്‍ ഡ്യൂട്ടിക്കായി എത്തിയ സി.ആര്‍.പി.എഫുകാരുമാണ് നാട്ടുകാരുടെ അക്രമണത്തില്‍ നിന്നും രക്ഷപെടുത്തിയത്.നാട്ടുകാരുമായി ആദ്യം ചര്‍ച്ച നടത്തിയെങ്കിലും അനുകൂലമായ നിലപാട് പ്രസിഡന്റ് സ്വീകരിച്ചില്ല. ഇത് ജനങ്ങളെ പ്രകോപിപ്പിച്ചു. ദേവസ്വം പ്രസിഡന്റിന്റെ വാഹനത്തിന്റെ ടയറിലെ കാറ്റ് ഈരിവിടുകയും ആനപിണ്ഡവും വാഴയും മറ്റുമൊക്കെ വാരി വാഹനത്തിന് മേല്‍ ഇടുകയും ചെയ്തു. ഒടുവില്‍ വിജയകൃഷ്ണന്റെ പാപ്പാന്മാരായ പ്രദീപ്, അനിയപ്പന്‍ എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡുചെയ്യുമെന്നും ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറെ ചുമതലകളില്‍നിന്നു മാറ്റിനിര്‍ത്തുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു അറിയിച്ചതോടെയാണ് ജനങ്ങള്‍ ശാന്തരായത്. ദേവസ്വം ബോര്‍ഡ് വെറ്ററിനറി ഡോക്ടറുടെ സാന്നിധ്യത്തില്‍ വനംവകുപ്പിന്റെ ഡോക്ടര്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. അതിനായി ആനയുടെ ഭൗതികശരീരം രാത്രി കോന്നിയിലേക്കു കൊണ്ടുപോയി. കോന്നിയില്‍ത്തന്നെയാകും മറവുചെയ്യുക.ഗജവീരന്‍ വിജയകൃഷ്ണന്‍ വ്യാഴാഴ്ച പകല്‍ 11.45-നാണ് ചരിഞ്ഞത്. വ്യാഴാഴ്ച രാവിലെ കുളിപ്പിച്ചശേഷം നടത്തുമ്‌ബോള്‍ ആനത്തറയില്‍ വീഴുകയായിരുന്നു. 54 വയസ്സുണ്ടായിരുന്നു. ദേവസ്വം ബോര്‍ഡിന്റെയും പാപ്പാന്മാരുടെയും പീഡനമാണ് ആനയുടെ അന്ത്യത്തിനിടയാക്കിയതെന്നാരോപിച്ച് നടന്ന ഭക്തജനങ്ങളുടെയും ആനപ്രേമികളുടെയും പ്രതിഷേധം മണിക്കൂറുകളോളം ക്ഷേത്രപരിസരത്ത് സംഘര്‍ഷത്തിനിടയാക്കി. പ്രതിഷേധക്കാര്‍ക്കുനേരെ രണ്ടുതവണ പൊലീസ് ലാത്തിവീശിയിരുന്നു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ തലയെടുപ്പുള്ള ആനകളില്‍ മുന്‍നിരക്കാരനായിരുന്നു പൊതുവേ ശാന്തസ്വഭാവക്കാരനായ വിജയകൃഷ്ണന്‍. അമ്ബലപ്പുഴ രാമചന്ദ്രന്‍ ചരിഞ്ഞതിനുശേഷം 1989 മാര്‍ച്ച് 23-ന് ഉത്സവക്കൊടിയേറ്റുദിവസമാണ് വിജയകൃഷ്ണനെ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയത്. അന്ന് 22 വയസ്സ്. രാമചന്ദ്രന്‍ എന്ന പാപ്പാനായിരുന്നു ആനയെ നോക്കിയിരുന്നത്.അദ്ദേഹം വിരമിച്ചതിനുശേഷം അമ്ബലപ്പുഴ സ്വദേശിയായ ഗോപനായിരുന്നു പാപ്പാന്‍. കഴിഞ്ഞ ജനുവരിയില്‍ ഇയാള്‍ സ്ഥലം മാറിപ്പോയി. പിന്നീട് ഒന്നാം പാപ്പാനായി വന്നത് തിരുവനന്തപുരം സ്വദേശി പ്രദീപാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ശ്രീകൃഷ്ണസ്വാമിക്ഷേത്ര വികസനട്രസ്റ്റും ചേര്‍ന്ന് ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ആനയെ വാങ്ങിയത്. വളരെവേഗം ഭക്തജനങ്ങളുടെ പ്രിയങ്കരനായി മാറിയ വിജയകൃഷ്ണന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം തിടമ്‌ബേറ്റിയിട്ടുണ്ട്. 2019-ലെ തൃശ്ശൂര്‍ പൂരത്തിന് തിരുവമ്ബാടി ദേവസ്വത്തിന്റെ എഴുന്നള്ളത്തിനു മുന്നില്‍നിന്ന അഞ്ചാനകളിലൊന്ന് വിജയകൃഷ്ണനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Vegas Hero Casino 2026: Pelaamisen syvällinen tarkastelu

Käyttäjäystävällinen alusta: ensivaikutelma Vegas Hero Casinosta Arvostelumme painottuu my…