തൊടുപുഴ: നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസിനു പരിധിയില്‍ വരുന്ന പഴമ്പിള്ളിച്ചാല്‍ മേഖലയില്‍ നടന്ന അനധികൃത മരംമുറി സംഭവത്തില്‍ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. വാളറ ഡപ്യൂട്ടി റേഞ്ചര്‍ സിജി മുഹമ്മദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.എം.ലാലു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.കോട്ടയം വിജിലന്‍സ് സിസിഎഫിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പുനലൂര്‍ ഫ്‌ലയിങ് സ്‌ക്വാഡ് ഡിഎഫ്ഒ യുടെ നേതൃത്വത്തിലുള്ള സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പഴമ്പിള്ളിച്ചാല്‍ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. ഇതു സംബന്ധിച്ചുള്ള നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്ലാവ്, ആഞ്ഞിലി, മാവ് ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചു മാറ്റിയാല്‍ ആനശല്യം കുറയുമെന്ന വനപാലകരുടെ കണ്ടെത്തലാണ് തട്ടിപ്പിന് ആധാരമായത്. മേഖലയില്‍ പട്ടയമുള്ള സ്ഥലങ്ങള്‍ കുറവാണ്. കൈവശ ഭൂമിയാണ് കൂടുതലായുള്ളത്. ഇതോടെ പട്ടയമുള്ള സ്ഥലത്തിന്റെ കരം അടച്ച രസീതിന്റെ മറവില്‍ കൈവശ ഭൂമിയില്‍നിന്ന് മരം മുറിച്ചു കടത്തുന്നതിനു വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ ചിലര്‍ വാക്കാലുള്ള അനുമതി കര്‍ഷകര്‍ക്ക് നല്‍കുകയായിരുന്നു. കൈവശ ഭൂമിയില്‍ നിന്നുള്ള മരം മുറിക്കുന്നതിന് 30,000 രൂപ വരെ കൈക്കൂലിയായി വനപാലകര്‍ക്ക് നല്‍കണമെന്ന രഹസ്യമായ വ്യവസ്ഥയും മന്നോട്ടുവച്ചു. ഇതു പ്രകാരം കഴിഞ്ഞ 6 മാസത്തിനകം 20ലേറെ ലോഡ് തടി ഇവിടെ നിന്നും കടത്തിക്കൊണ്ടുപോയിട്ടുണ്ട്. കൈക്കൂലി വീതം വയ്പ്പുമായി ബന്ധപ്പെട്ട് വനപാലകര്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് വിവരം പുറത്തറിയാന്‍ ഇടയാക്കിയതെന്നാണു റിപ്പോര്‍ട്ട്.