Home Breaking News പാതിവില തട്ടിപ്പ്; കെ.എന്‍ ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

പാതിവില തട്ടിപ്പ്; കെ.എന്‍ ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

3
0

 

പാതിവില തട്ടിപ്പ് കേസില്‍ സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നത് മാറ്റി. പ്രത്യേക സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത പശ്ചാത്തലത്തിലാണ് ജാമ്യം ഹര്‍ജി പരിഗണിക്കുന്നത് 27 ലേക്ക് മാറ്റിയത്. തിരുവനന്തപുരം ഒന്നാം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്.
എന്നാല്‍ പാതിവില തട്ടിപ്പ് കേസില്‍ വലവിരിച്ച് സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇഡി പരിശോധന നടന്നു. രാവിലെ 8 മണി മുതലാണ് ഇ ഡിയുടെ സംസ്ഥാന വ്യാപക പരിശോധന ആരംഭിച്ചത്. ആനന്ദ കുമാറിന്റെ ശാസ്തമംഗലത്തെ വീട്ടിലും കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിന്റെ കൊച്ചി മറൈന്‍ഡ്രൈവിലെ ഫ്‌ലാറ്റിലും,അനന്തു കൃഷ്ണന്റെ വീട്ടിലും എന്‍ജിഒ കോണ്‍ ഫെഡറേഷന്റെ ഓഫിസിലും പരിശോധന നടന്നു. ആനന്ദ് കുമാറിന്റെ വീടിനോട് ചേര്‍ന്നുള്ള സായ്ഗ്രാമത്തിന്റെ ഓഫിസിലും രാവിലെ ഇ.ഡി ഉദ്യോഗസ്ഥരെത്തി. ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍.
അതേസമയം, തട്ടിപ്പ് കേസില്‍ റിട്ട .ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ പ്രതി ചേര്‍ത്തതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി രംഗത്തെത്തി. സി .എന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകര്‍ നല്‍കിയ പൊതു താത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ഭരണഘടനാപരമായ പദവി വഹിച്ച ആളുകളെ വാര്‍ത്ത ഹൈപ്പിന്റെ അടിസ്ഥാനത്തില്‍ പ്രതി ചേര്‍ക്കരുത്.സാധാരണ വ്യക്തിയെ പ്രതിചേര്‍ക്കുന്നതു പോലെയല്ലാ ഭരണഘടനാ പദവി വഹിച്ച ആളെ പ്രതി ചേര്‍ക്കുന്നതെന്ന് പറഞ്ഞ ഡിവിഷന്‍ ബഞ്ച് ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസ്യത നഷ്ടപ്പെടാന്‍ കാരണമാകുമെന്നു ചൂണ്ടിക്കാട്ടി. ഭരണഘടനാ പദവി വഹിച്ച വ്യക്തിയെ പ്രതി ചേര്‍ക്കുമ്പോള്‍ വസ്തുതകളും സാഹചര്യങ്ങളും പരിശോധിക്കേണ്ടതുണ്ട് തെളിവുകളുണ്ടെങ്കില്‍ അറിയിക്കൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. മനസ്സര്‍പ്പിച്ചു തന്നെയാണ് കേസെടുത്തതെന്നും പൊലീസിനു വേണ്ടി സര്‍ക്കാര്‍ മറുപടി നല്‍കി. തുടര്‍ന്ന് സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി,ഹര്‍ജി അടുത്ത ചൊവ്വാഴ്ച്ച പരിഗണിക്കാനായി മാറ്റി.പൊലീസിന്റെ അധികാര ദുര്‍വിനിയോഗത്തിന്റെ ഭാഗമായാണ് രാമചന്ദ്രന്‍ നായര്‍ക്കെതിരായ കേസെന്നും
ജുഡീഷ്യറിയിലുള്ള വിശ്വാസം തകര്‍ക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. പാതി വില തട്ടിപ്പ് കേസില്‍ പെരിന്തല്‍മണ്ണ പൊലീസാണ് റിട്ട .ജസ്റ്റിസ് സി.എന്‍ .രാമചന്ദ്രന്‍ നായരെ മൂന്നാം പ്രതിയാക്കി കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here