മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസില്‍ 3 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഷൈബിന്‍ അഷ്‌റഫ്, ഷിഹാബുദീന്‍, ആറാം പ്രതി നിഷാദ് എന്നിവരാണ് കുറ്റക്കാര്‍. ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യ ഫസ്‌ന അടക്കമുള്ളവരെ വെറുതെവിട്ടു.
മനപൂര്‍വ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായും മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതി പറഞ്ഞു. മൃതദേഹമോ മൃതദേഹ അവശിഷ്ടമോ കണ്ടെത്താത്ത കേസില്‍ ശിക്ഷ വിധിക്കുന്ന കേരളത്തിലെ ആദ്യ കേസെന്ന് പൊലീസ്. കേസിന്റെ ശിക്ഷാവിധി ഈ മാസം 22 ന് വിധിക്കും.
ഏറെ വിവാദം സൃഷ്ടിച്ച കൊലപാതക കേസില്‍ ഒരു വര്‍ഷത്തോളമാണ് വിചാരണ നീണ്ടു നിന്നത്. 2019 ഓഗസ്റ്റിലായിരുന്നു ഒറ്റമൂലി രഹസ്യം അറിയാന്‍ വേണ്ടി മൈസൂര്‍ സ്വദേശി ഷാബാ ഷെരീഫിനെ ഒന്നാംപ്രതി മുക്കട്ട സ്വദേശി ഷൈബിന്‍ അഷ്‌റഫ് തട്ടിക്കൊണ്ടു വന്നത്. ഒറ്റമൂലി രഹസ്യം പറഞ്ഞ് നല്‍കാത്തതിനാല്‍ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി നുറുക്കി ചാലിയാറില്‍ ഒഴുക്കി എന്നതാണ് കേസ്. ഷൈബിന്‍ അഷറഫിനെ ഷാബാ ഷെരീഫിന്റെ കുടുംബം തിരിച്ചറിഞ്ഞതും പ്രോസിക്യൂഷന് ബലമായി മാറി. കേസില്‍ 15 പ്രതികളാണ് ഉണ്ടായിരുന്നത്. ഷാബാ ഷെരീഫിനെ ഒരു വര്‍ഷത്തോളം തടവില്‍ പാര്‍പ്പിച്ച ശേഷമായിരുന്നു കൊലപാതകം.






