Home Breaking News പുതിയ ആണവനിലയം അതിരപ്പിള്ളിയില്‍ പദ്ധതിയെന്ന് കേന്ദ്രം

പുതിയ ആണവനിലയം അതിരപ്പിള്ളിയില്‍ പദ്ധതിയെന്ന് കേന്ദ്രം

1
0

തിരുവനന്തപുരം: അനുയോജ്യമായ സ്ഥലം കണ്ടെത്തിയാല്‍ കേരളത്തില്‍ ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതില്‍ അനുമതി നല്‍കാമെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. കോവളത്ത് മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി നടത്തിയ കൂട്ടിക്കാഴ്ച്ചയിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ആണവനിലയം സ്ഥാപിക്കുകയാണ് പോംവഴിയെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.
സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കാന്‍ ഏറ്റവും യോജിച്ച സ്ഥലം കാസര്‍കോട് ചീമേനിയാണെന്നും കേന്ദ്ര ഊര്‍ജ്ജ മന്ത്രി അറിയിച്ചു. 150 ഏക്കര്‍ ഭൂമി കണ്ടെത്തിയാല്‍ നിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കുമെന്നാണ് മന്ത്രി പറഞ്ഞത്. തൃശൂര്‍ അതിരപ്പിള്ളിയിലും കാസര്‍കോട് ചീമേനിയിലും ആണവനിലയത്തിനായി സ്ഥലം കണ്ടെത്തിയിരുന്നു. എന്നാല്‍, അതിരപ്പിള്ളിയില്‍ വലിയ ടൂറിസം പദ്ധതി നടപ്പാക്കാന്‍ പോകുകയാണെന്ന് യോഗത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിക്കുകയായിരുന്നു.
സാങ്കേതിക വാണിജ്യ നഷ്ടം കുറച്ചതില്‍ കേരളം രാജ്യത്തിനു മാതൃക: കേന്ദ്ര വൈദ്യുതിമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍
ആണവനിലയം സ്ഥാപിച്ചാല്‍ ഒന്നര കിലോമീറ്റര്‍ ബഫര്‍ സോണിനുള്ളില്‍ ടൂറിസം ഉള്‍പ്പെടെ വലിയ പദ്ധതികള്‍ പാടില്ലെന്നു വ്യവസ്ഥയുണ്ട്. അതുകൊണ്ടാണ് അതിരപ്പിള്ളിയ്ക്ക് പകരം ചീമേനി പരിഗണിക്കുന്നത്. അതേസമയം ആണവനിലയ പദ്ധതിക്കെതിരെ ചീമേനിയില്‍ വലിയ പ്രതിഷേധം നടക്കുകയാണ്.
കേരളത്തിന്റെ തീരങ്ങളില്‍ തോറിയം അടങ്ങുന്ന മോണോ സൈറ്റ് നിക്ഷേപം ധാരാളം ഉണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. തോറിയം അടിസ്ഥാനമാക്കിയുള്ള ചെറു റിയാക്റ്റര്‍ സ്ഥാപിച്ചാല്‍ ഉചിതം ആകുമെന്നാണ് കേന്ദ്ര മന്ത്രി അറിയിച്ചത്.
കേരളത്തിലെ തോറിയം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സംസ്ഥാനത്തിനു പുറത്തു നിലയം സ്ഥാപിക്കാന്‍ സഹായിക്കണമെന്നും അതില്‍നിന്നു കേരളത്തിന് അര്‍ഹമായ വൈദ്യുതി വിഹിതം അനുവദിക്കണമെന്നുമാണ് സംസ്ഥാന വൈദ്യുതി വകുപ്പ് കേന്ദ്രമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
2025 മാര്‍ച്ച് – ജൂണ്‍ മാസങ്ങളില്‍ എന്‍ടിപിസി താല്‍ച്ചര്‍ നിലയത്തില്‍നിന്നുള്ള വൈദ്യുതി വിഹിതം ഇപ്പോഴത്തെ വിലയില്‍ തന്നെ 400 മെഗാവാട്ടായി ഉയര്‍ത്തുകയും 5 വര്‍ഷം ലഭ്യമാക്കുകയും വേണമെന്നും കേരളം ആവശ്യപ്പെട്ടു. എന്‍ടിപിസി ബാര്‍ നിലയത്തില്‍ നിന്നു 2025 മാര്‍ച്ച് വരെയുള്ള 177 മെഗാവാട്ട് വൈദ്യുതി വിഹിതം ജൂണ്‍ വരെ നീട്ടണം. ഏപ്രില്‍, മേയ് മാസങ്ങളില്‍ ഈ വിഹിതം 400 മെഗാവാട്ട് ആയി ഉയര്‍ത്തണം. രാജസ്ഥാന്‍ അറ്റോമിക് പവര്‍ സ്റ്റേഷനില്‍ നിന്ന് 350 മെഗാവാട്ട് മുന്‍ഗണനാടിസ്ഥാനത്തില്‍ ലഭ്യമാക്കണം. തുടങ്ങിയ ആവശ്യങ്ങളും കേരളം ഉന്നയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here