ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നൽ മുരളി’ എന്ന സിനിമക്കായി കാലടി മണപ്പുറത്ത് നിർമ്മിച്ച ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗദൾ പൊളിച്ച സംഭവത്തിൽ പ്രതികരണവുമായി നടി മാലാ പാർവ്വതി. ഇവർ ഇത് ചെയ്തിരിക്കുന്നത് മിന്നൽ മുരളി എന്ന ചിത്രത്തോടൊ അതിന്റെ അണിയറ പ്രവർത്തകരോടൊ അല്ല, കേരളത്തോടാണെന്ന് നടി മാലാ പാർവതി ഫെയ്‌സ്ബുക്കിൽ കുറിച്ചു.
‘ എല്ലാവരും അറിഞ്ഞു കാണുമല്ലോ അല്ലേ? ‘മിന്നൽ മുരളി’ എന്ന സിനിമയ്ക്ക് വേണ്ടി നിർമിച്ച പള്ളിയുടെ സെറ്റ്, അമ്പലത്തിന്റെ മുമ്പിലായത് കൊണ്ട്, അത് തല്ലി തകർക്കപ്പെട്ടു.. കാലടിയിലാണ് സംഭവം.ഗോദയ്ക്ക് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘മിന്നൽ മുരളി’.
ആ സിനിമയുടെ ക്ലൈമാക്‌സ് ഭാഗം ഷൂട്ട് ചെയ്യാൻ നിർമിച്ച പള്ളിയാണ് ഇപ്പോൾ തകർക്കപ്പെട്ടത്.
ഒരു സിനിമ നിർമിക്കുന്നതിന്റെ പിന്നിലെ അധ്വാനം വളരെ വലുതാണ്. പെട്ടിക്കകത്ത് വെറുതെ ഇരിക്കുന്ന കാശ് കൊണ്ടല്ല, സിനിമ നിർമിക്കുന്നത്. സിനിമയോട് ആത്മാർത്ഥതയുള്ള, നല്ല നിർമാതാക്കൾ തന്നെയാണ് മലയാള സിനിമയെ ഈ നിലയിൽ നിലനിർത്തുന്നത്. സോഫിയ പോൾ നിർമിക്കുന്ന ഈ ചിത്രവും വ്യത്യസ്തമല്ല. രണ്ട് കൊല്ലത്തെ പ്ലാനിങുണ്ട് ഈ ടൊവീനോ ചിത്രത്തിന്.
കലാസംവിധായകരുടെ ഏറെ കാലത്തെ, കഠിനാധ്വാനത്തിന്റെ ഫലമാണ്, തകർക്കപ്പെട്ട പള്ളിയുടെ സെറ്റ്. മഴയും വെയിലും വക വയ്ക്കാതെ അവർ കെട്ടിപ്പൊക്കിയത്. ആ സിനിമയിൽ പ്രവർത്തിച്ച മുഴുവൻ പേരുടെയും സ്വപ്നം ആ പള്ളിയിൽ കേന്ദ്രീകരിച്ചിരിക്കുമ്പോഴാണ് ലോക്ഡൗൺ വന്നത്. ക്ലൈമാക്‌സ് ഷൂട്ട് ചെയ്യേണ്ട ഇടത്തോടൊപ്പം, ഇവരുടെ സ്വപ്നവും തല്ലി പൊട്ടിച്ചിരിക്കുകയാണ് ചില സാമൂഹ്യ വിരുദ്ധർ.
അമ്പലത്തിന്റെ മുന്നിൽ പള്ളി കണ്ടാൽ അസ്വസ്ഥരാകുന്ന മനസ്സുളള സാമൂഹ്യ വിരുദ്ധർ. ഇവർ ഇത് ചെയ്തിരിക്കുന്നത് മിന്നൽ മുരളി എന്ന ചിത്രത്തോടൊ, അവരുടെ അണിയറ പ്രവർത്തകരോടൊ അല്ല. കേരളത്തോടാണ്. മുസ്ലിം പള്ളിയും, ക്രിസ്ത്യൻ പള്ളിയും, അമ്പവും എല്ലാം കാരുണ്യവാനായ ദൈവത്തിന്റെ ആലയങ്ങളാണെന്ന് ബോധ്യമുള്ള കേരളത്തോട്. നടപടിയുണ്ടാവണം. ഇത് ചെയ്തവരിൽ നിന്ന് നഷ്ടപരിഹാരം വാങ്ങി കൊടുപ്പിക്കണം. അവരെക്കൊണ്ട് പണിയിച്ച് കൊടുക്കാനും കൂടെ പറയണമെന്നുണ്ട്. പക്ഷേ ഇവർക്ക് പണിതുണ്ടാക്കാൻ അറിയില്ലല്ലോ.. തകർക്കാനല്ലേ അറിയു! എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു.





