കണ്ണൂര്‍ : ‘ബസിന്റെ പിറകുവശത്ത് അഭിമാനത്തോടെ ക്ലീനറായി ജോലിചെയ്യുന്ന സ്ത്രീ’ -റെജിമോള്‍ വാര്‍ത്തകളില്‍ നിറഞ്ഞത് അങ്ങനെയാണ്. കൗതുകമുണര്‍ത്തുന്ന കാഴ്ചയ്ക്കുമപ്പുറം പെണ്‍ജീവിതം എത്രത്തോളം കരുത്തുറ്റതാണെന്ന് നാടറിഞ്ഞത് ബുധനാഴ്ച വളപട്ടണം പഞ്ചായത്ത് ലൈബ്രറി ഹാളിലെ പരിപാടിയിലൂടെ. ‘ജീവിത പാഠശാലയിലെ പെണ്‍പാതകള്‍’ പരിപാടിയിലൂടെ റെജിമോള്‍ തന്റെ കഥ പറഞ്ഞപ്പോള്‍ പരിമിതികളില്ലാതെ പറക്കേണ്ട പെണ്‍ജീവിതമാണ് തെളിഞ്ഞത്. ആലുവ യുസി കോളേജില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം, നഴ്‌സിങ് പഠിച്ച് ഖത്തറില്‍ ജോലി, വിവാഹത്തോടെ കണ്ണൂരിലേക്ക് നാടുമാറ്റം, സ്വന്തം ബസില്‍ ക്ലീനര്‍ ജോലി, പലവഴികളില്‍ മുന്നേറിയ പെണ്‍ജീവിതത്തെക്കുറിച്ച് ആകാംക്ഷയോടെയാണ് എല്ലാവരും കേട്ടത്. വിവാഹക്കമ്പോളത്തിലേക്ക് ഇറക്കിവിടാനുള്ള ഒരു അറവുമാടല്ല പെണ്ണെന്നും അവര്‍ പറഞ്ഞു. സ്വന്തം വീട് സ്വന്തം പ്ലാനില്‍സ്വന്തംവീട് സ്വന്തം പ്ലാനില്‍ നിര്‍മിച്ച റെജിമോള്‍ മറ്റുള്ളവര്‍ക്ക് വീടിന്റെ പ്ലാന്‍ വരച്ചുകൊടുക്കാറുള്ളതിനെക്കുറിച്ചും പറഞ്ഞു. ആദികടലായിയില്‍ താമസക്കാരിയായ റെജി മോള്‍ ഇപ്പോള്‍ ക്ലീനര്‍ ജോലിക്ക് താല്‍ക്കാലിക അവധി നല്‍കിയിരിക്കുകയാണ്. മകള്‍ അജ്‌നാഫും പരിപാടിയില്‍ പങ്കെടുത്തു. കേരള സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ എംഫില്‍ ചെയ്യുകയാണ് അജ്‌നാഫ്. ഡോക്ടറേറ്റ് നേടണമെന്നും സിവില്‍ സര്‍വീസാണ് സ്വപ്‌നമെന്നും അജ്‌നാഫ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി പി ഷമീമ സംസാരിച്ചു. ട്രെയിനര്‍ കെ ലിഷ മോഡറേറ്ററായി.