
പെരിയ ഇരട്ടക്കൊലക്കേസില്‍ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി. മുന്‍ എംഎല്‍എ കെവി കുഞ്ഞിരമാന്‍ അടക്കം നാല് സിപിഐഎം നേതാക്കള്‍ക്കും ജാമ്യം അനുവദിച്ചു. അപ്പീലില്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്.
വിശദമായ ഉത്തരവ് പിന്നീട് എന്ന് ഹൈക്കോടതി അറിയിച്ചു. അഞ്ച് വര്‍ഷം വീതം തടവുശിക്ഷ ലഭിച്ച നാല് സിപിഐഎം നേതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും അത് തടഞ്ഞില്ല എന്ന കുറ്റത്തിനുള്ള അഞ്ചുവര്‍ഷം ശിക്ഷാവിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് പരിഗണനയ്ക്ക് വന്നത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തേരി, എംകെ ഭാസ്‌കരന്‍ എന്നിവര്‍ നല്‍കിയ അപ്പീലുകള്‍ നല്‍കിയത്.
പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് നാല് സിപിഐഎം നേതാക്കളെ എറണാകുളം പ്രത്യേക സിബിഐ കോടതി അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. അഞ്ച് വര്‍ഷം തടവ് ഒരു പ്രശ്നമല്ലെന്നായിരുന്നു പെരിയ കേസില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിപിഐഎം മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ വിധിക്ക് പിന്നാലെ പ്രതികരിച്ചിരുന്നത്. പെരിയ ഇരട്ടക്കൊലക്കേസില്‍ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും നാല് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവുമാണ് വിധിച്ചിരുന്നത്.








