
ടെഹ്‌റാന്‍: ഇറാനു നേരെയുണ്ടാകുന്ന ചെറിയ ആക്രമണമുള്‍പ്പെടെയുള്ള ഏതു പ്രകോപനത്തിനും യാതൊരു ദയവുമില്ലാതെ തിരിച്ചടിക്കുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി ഇറാനിയന്‍ സേന. സൗദി എണ്ണക്കമ്പനിയായ അരാംകോയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയിലേക്ക് കൂടുതല്‍ സൈനികരെ എത്തിക്കുമെന്ന് അമേരിക്ക അറിയിച്ച സാഹചര്യത്തിലാണ് ഇറാന്റെ ഈ മുന്നറിയിപ്പ്. ഈ മാസം 14നായിരുന്നു സൗദിയിലെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം നടന്നത്.
‘വളരെ കരുതി വേണം ഇറാനെതിരെയുള്ള നീക്കങ്ങള്‍ നടത്താന്‍, ഒരു ചെറിയൊരു പ്രകോപനം പോലും ഞങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. പ്രകോപനമുണ്ടാക്കുന്നത് ആരു തന്നെയായാലും ശരി, അവരുടെ സര്‍വനാശമായിരിക്കും ഞങ്ങളുടെ ലക്ഷ്യം.’ ഇറാനിയന്‍ സേനയായ റവല്യൂഷനറി ഗാര്‍ഡ്‌സിന്റെ തലവന്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി പറഞ്ഞു.യെമനിലെ ഹൂതി വിമതര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നെങ്കിലും ഇറാന്‍ തന്നെയാണ് എണ്ണ ഉത്പാദക കേന്ദ്രങ്ങളിലെ രണ്ട് ആക്രമണങ്ങളും നടത്തിയതെന്നാണ് അമേരിക്ക പറയുന്നത്. ഈ ആരോപണം നിഷേധിച്ച ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ആക്രമണത്തെ യെമന്‍ ജനതയുടെ പ്രതികരണമായി കണ്ടാല്‍ മതിയെന്നാണ് പ്രതികരിച്ചത്. ഇതിനിടെയാണ് സൗദിയുടെ വ്യോമ പ്രതിരോധം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ സൈന്യത്തെ അമേരിക്ക അങ്ങോട്ടേക്ക് അയയ്ക്കുന്നത്. എത്രത്തോളം സൈനികര്‍ സൗദിയിലേക്കെത്തിച്ചേരും എന്നുള്ള കാര്യം അമേരിക്ക വ്യകതമാക്കിയിട്ടില്ല.




