തിരുവനന്തപുരം: പരസ്യപ്രചാരണ പരിസമാപ്തിയിലെ ആവേശം പലയിടങ്ങളിലും അക്രമത്തിനും സംഘര്‍ഷത്തിനുമിടയാക്കി. ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ പ്രചാരണത്തിന്റെ ആവേശം മുഴുവന്‍ കൊട്ടിക്കലാശത്തിലും പ്രകടമായിരുന്നു. കൊട്ടിക്കലാശത്തിന്റെ ആവേശത്തിനിടയ്ക്ക് സംസ്ഥാനത്ത് പലേടത്തും സംഘര്‍ഷമുണ്ടായി. ഇത് മുന്നില്‍ കണ്ട് കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത് എങ്കിലും പല മണ്ഡലങ്ങളിലും കാര്യങ്ങള്‍ കൈവിട്ടുപോയി.
തിരുവനന്തപുരത്ത് വേളിയില്‍ എ കെ ആന്റണിയുടെ റോഡ് ഷോ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. ശശി തരൂരിന്റെ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലെ റോഡ് ഷോയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത്. സ്വതന്ത്രമായി സഞ്ചരിക്കാന്‍ ഉള്ള അവകാശം പോലും നിഷേധിച്ചുവെന്ന് എ കെ ആന്റണി വിശദമാക്കി. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവമാണ് സംഭവമെന്നും എ കെ ആന്റണി പറഞ്ഞു.
വാഹനം തടഞ്ഞതോടെ ശശി തരൂരും എ കെ ആന്റണിയും കാല്‍ നടയായാണ് വേളിയിലെത്തിയത്. റോഡ് ഷോയ്ക്ക് അനുമതി ഇല്ലായിരുന്നുവെന്ന ആരോപണത്തോടെയായിരുന്നു എല്‍ഡിഎഫ് നടപടി. എന്നാല്‍ മുന്‍കൂറായി റോഡ് ഷോയ്ക്ക് അനുമതി നേടിയിരുന്നുവെന്നും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍ പൊലീസുകാര്‍ ഒന്നും ചെയ്തില്ലെന്ന് ശശി തരൂര്‍ ആരോപിച്ചു. റോഡ് ഷോ മുടങ്ങിയ അനുഭവം ജീവിതത്തില്‍ ആദ്യമായാണെന്ന് എ കെ ആന്റണി പറഞ്ഞു.
തൊടുപുഴയിലും എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തൊടുപുഴ ഗാന്ധി സ്‌ക്വയറിലെ മൂന്ന് വഴികളായിരുന്നു അനുവദിച്ചിരുന്നത്. ഇടുക്കി തൊടുപുഴ റോഡ് എല്‍ഡിഎഫിനും പാലാ തൊടുപുഴ റോഡ് യൂഡിഎഫിനും മൂവാറ്റുപുഴ തൊടുപുഴ റോഡ് എന്‍ഡിഎ യ്ക്കും ആയിരുന്നു അനുവദിച്ചിരുന്നത്. ആദ്യം എത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മൂന്നു റോഡും കയ്യടക്കി പ്രകടനം നടത്തുകയായിരുന്നു. പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകരും എത്തിയതോടെയാണ് സംഘര്‍ഷമായത്. സംഘര്‍ഷത്തില്‍ ഏതാനും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസും എണ്ണത്തില്‍ കുറവായിരുന്നു.
ആലപ്പുഴയില്‍ സിപിഎം എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. സക്കറിയാ ബസാറിലും കൊട്ടിക്കലാശത്തിനിടെ എസ്ഡിപിഐ വാഹനവ്യൂഹം കടന്നുവന്നതാണ് സംഘര്‍ഷ കാരണമായത്. നഗരത്തിലെ മൂന്നിടങ്ങള്‍ മൂന്ന് പാര്‍ട്ടികള്‍ക്കുമായി അനുവദിച്ചിരുന്നു. എല്‍ഡിഎഫിന്റെ കൊട്ടിക്കലാശം നടക്കുന്നതിനിടയില്‍ എസ്ഡിപിഐ വാഹനവ്യൂഹം കടന്നു വരികയും സിപിഎം പ്രവര്‍ത്തകര്‍ ഇവരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പിന്നീട് നേതാക്കള്‍ ഇടപെട്ട് ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. അമ്പലപ്പുഴയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ?കൊട്ടിക്കലാശം പോലീസ് നേരത്തേ നിര്‍ത്തിച്ചു. പോലീസുകാര്‍ക്ക് പരിക്കേറ്റു
വടകരയിലും സംലര്‍ഷമുണ്ടായി. വില്യാപ്പള്ളിയില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് കല്ലേറ് നടത്തി. പോലീസ് ലാത്തിവീശുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷം ഒഴിവാക്കാന്‍ കേന്ദ്രസേനയ്ക്ക് ഇടപെടേണ്ടി വന്നു. നേതാക്കള്‍ ഇടപെട്ട് പിന്നീട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഇരുഭാഗത്തും എത്തിച്ചേര്‍ന്നത്. യുഡിഎഫ് പ്രവര്‍ത്തകരെ അനാവശ്യമായി കസ്റ്റഡിയില്‍ എടുത്തു എന്ന് ആക്ഷേപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധം നടത്തുന്നുണ്ട്.
ഓരോരുത്തര്‍ക്കുമായി നിശ്ചയിച്ച ഇടത്തിന്റെ പരിധി കടന്നതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ എത്തിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് വോട്ടെടുപ്പ് ദിവസം വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകിട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നത് വരെ ജില്ലയില്‍ പൊതുപരിപാടികളോ റാലികളോ സംഘടിപ്പിക്കുന്നത് ജില്ലാ കളക്ടര്‍ വിലക്കയിട്ടുണ്ട്.
കണ്ണൂരില്‍ യുഡിഎഫ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. കോഴിക്കോട്ടും എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി കാസര്‍ഗോഡ് പുതിയ ബസ് സ്റ്റ്ാന്റ് പരിസരത്തായിരുന്നു സംഘര്‍ഷം ഉണ്ടായത്. എല്‍ഡിഎഫിന് അനുവദിക്കപ്പെട്ടിരുന്നിടത്തു കൂടി വാഹന പ്രചാരണജാഥയുമായി വരികയായിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയൂടെ വാഹനം ഇതിലേ കടന്നു പോകാന്‍ കഴിയില്ലെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നിലപാട് എടുക്കുകയും വാഹനം തടഞ്ഞിടുകയും ചെയ്തു. പിന്നാലെ വന്ന വാഹനങ്ങള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. മലപ്പുറത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കായംകുളത്തു് യുഡിഎഫ് പ്രവര്‍ത്തകര്‍ പോലീസുമായി ഉന്തുംതള്ളുമുണ്ടായി. കരുനാഗപ്പള്ളിയിലും എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരും ഈ സംഘര്‍ഷത്തിന്റെ ഭാഗമായതോടെ പോലീസ് ലാത്തിവീശി. ആറ്റിങ്ങലില്‍ എല്‍ഡിഎഫ് എന്‍ഡിഎ പ്രവര്‍ത്തകര്‍ തമ്മില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചതുമായി ബന്ധപ്പെട്ടും വാക്കേറ്റമുണ്ടായി. തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേന്ദ്രനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കാഞ്ഞിരപ്പള്ളി പേട്ടയില്‍ തടഞ്ഞു വെച്ചു. മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കളെത്തി ആയിരുന്നു വാഹനങ്ങള്‍ കടത്തിവിട്ടത്.
തിരുവല്ലയില്‍ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളും കല്ലേറും ഉണ്ടായി. പോലീസുകാരന് പരിക്കേറ്റതായി വിവരമുണ്ട്. മാവലിക്കരയില്‍ കോണ്‍ഗ്രസിന്റെ കൊടികള്‍ സിപിഎം പ്രവര്‍ത്തകര്‍ ഒടിച്ചു കളഞ്ഞു. കോട്ടയത്ത് പാലായില്‍ കൊട്ടിക്കലാശത്തിനിടയില്‍ വി എന്‍ വാസവന്റെ പ്രചരണത്തിനായി കൊണ്ടു വന്ന ആന ഇടഞ്ഞു. വാസവന്റെ ചിത്രം വെച്ച തിടമ്പ് താഴെവീണു.







