ന്യൂഡല്‍ഹി: കാനഡയുമായുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ അവിടെ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിട്ടുനില്‍ക്കും. ആറ് വര്‍ഷത്തിനിടെ ഇതാദ്യമായാണ് പ്രധാനമന്ത്രി ഈ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക സമ്പദ്വ്യവസ്ഥകളുടെ കൂട്ടായമയായ യൂറോപ്യന്‍ യൂണിയന്‍, ഐഎംഎഫ്, ലോകബാങ്ക്, ഐക്യരാഷ്ട്രസഭ എന്നിവര്‍ ഭാഗമാകുന്ന ഉച്ചകോടിയില്‍ നിന്നാണ് പ്രധാനമന്ത്രി വിട്ടുനില്‍ക്കുന്നത്.
അടുത്തിടെയാണ് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സമ്പദ്വ്യവസ്ഥയെന്ന പദവി ഇന്ത്യ നേടിയെടുത്തത്. വളരെ സാവധാനത്തിലുള്ള കാനഡയുടെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ കാനഡയുടെ വ്യാപാര പങ്കാളിയെന്ന നിലയില്‍ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്. ഇരു രാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും, പൂര്‍ണ്ണമായ പുനഃക്രമീകരണത്തിന് കുറച്ച് സമയമെടുക്കുമെന്നാണ് വിശകലന വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്.
മേയ് പകുതിയോടെ നടക്കാനിരിക്കുന്ന ജി7 യോഗത്തിലേക്ക് കാനഡയില്‍ നിന്നുള്ള ക്ഷണം ഇന്ത്യ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖാലിസ്ഥാന്‍ വിഘടന വാദികളുടെ കേന്ദ്രമായി കാനഡ ഉയര്‍ന്നുവന്നിരിക്കുന്നതിനാല്‍ സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് ഇന്ത്യയാണ് ഉത്തരവാദിയെന്ന് മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതോടെ ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍ വീണു. ട്രൂഡോയുടെ ആരോപണം ഇന്ത്യ ശക്തമായി നിഷേധിച്ചിട്ടും യാതൊരുവിധ തെളിവുകള്‍ നല്‍കാനും ട്രൂഡോയ്ക്ക് കഴിഞ്ഞില്ല.
ഇന്ത്യ കനേഡിയന്‍മാര്‍ക്കുള്ള വിസ സേവനങ്ങള്‍ നിര്‍ത്തിവച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് ട്രൂഡോ സ്ഥാനമൊഴിയുകയും രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ ലിബറല്‍ പാര്‍ട്ടിയില്‍ നിന്നും മാര്‍ക്ക് കാര്‍ണി രാജ്യത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് വിജയത്തിലേക്കാണ് തന്റെ പാര്‍ട്ടിയെ കാര്‍ണി നയിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള തര്‍ക്കത്തിന്റെയും ചൈനയുമായുള്ള വിള്ളലിന്റെയും പശ്ചാത്തലത്തില്‍ കാനഡയുടെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ഇന്ത്യയാണ് കാര്‍ണിക്ക് ഏറ്റവും നല്ല മാര്‍ഗനിര്‍ദ്ദേശം നല്‍കിയതെന്ന് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
അടുത്തിടെ, കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി ചര്‍ച്ച നടത്തി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനര്‍നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ആ ദിശയിലേക്ക് കാര്യങ്ങള്‍ മെച്ചപ്പെടുത്താമെന്നും അവര്‍ പറഞ്ഞിരുന്നു.





