ഇന്ത്യന്‍ കാര്‍ വിപണിയിലെ വമ്പന്മാരായ മാരുതി സുസുക്കിയുടെ വിവിധ മോഡലുകള്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ വിലവര്‍ധിക്കും. 32,500 രൂപവരെയുള്ള വര്‍ധനയുണ്ടാകുമെന്ന് കമ്പനി വ്യാഴാഴ്ച അറിയിച്ചു.
വര്‍ദ്ധിച്ചുവരുന്ന പ്രവര്‍ത്തന ചെലവുകള്‍ കാരണമാണ് വില വര്‍ദ്ധനയെന്നാണ് മാരുതി സുസുക്കിയുടെ വിശദീകരണം.
‘ചെലവ് ക്രമീകരിക്കുന്നതിനും ഉപഭോക്താക്കളില്‍ ആഘാതം കുറയ്ക്കുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെങ്കിലും, വര്‍ദ്ധിച്ച ചെലവുകള്‍ വിപണിയിലേക്ക് കൈമാറാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നു’ കമ്പനിയുടെ വിശദീകരണത്തില്‍ പറയുന്നു.
പുതുക്കിയ നിരക്കനുസരിച്ച് സെലേറിയോയ്ക്ക് എക്‌സ്-ഷോറൂം വിലയില്‍ 32,500 രൂപ വരെയും പ്രീമിയം മോഡല്‍ ഇന്‍വിക്റ്റോയുടെ വില 30,000 രൂപ വരെയും വര്‍ദ്ധിക്കും.
മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ വാഗണ്‍-ആറിന് 15,000 രൂപ വരെയും സ്വിഫ്റ്റിന്റെ വില 5,000 രൂപ വരെയും ഉയരും. എസ്യുവികളായ ബ്രെസ്സയ്ക്കും ഗ്രാന്‍ഡ് വിതാരയ്ക്കും യഥാക്രമം 20,000 രൂപയും 25,000 രൂപയും വില വര്‍ധിക്കും.
ആള്‍ട്ടോ കെ10ന്റെ വിലയില്‍ 19,500 രൂപവരെ വര്‍ധിക്കും. ഫ്രോങ്‌സിന് 5,500 രൂപയും ഡിസൈറിന് പതിനായിരം രൂപവരെയും വര്‍ധിക്കും.








