ഇടുക്കി; വീട്ടുകാരുമായി പിണങ്ങി വീടുവിട്ട് ഇറങ്ങിയ 11കാരനെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഇടപെടലിനെ തുടര്‍ന്ന് സുരക്ഷിതമായി തിരിച്ചെത്തിച്ചു.രാത്രിയില്‍ ഒറ്റയ്ക്ക് ബസില്‍ കയറിയ ബാലനെ കണ്ട് ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടര്‍ എസ്.ഷാജി, ഡ്രൈവര്‍ കെ.എം.ജയമോന്‍ എന്നിവരുടെ സമയോചിത ഇടപെടലാണ് രക്ഷയായത്.കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്. നെടുങ്കണ്ടം – തിരുവനന്തപുരം ബസ് രാത്രി ഒന്‍പതിനു കട്ടപ്പനയില്‍ എത്തിയപ്പോള്‍ ഒരു കുട്ടി ബസില്‍ കയറി. ബസ് കോട്ടയം വഴിയാണോ എന്നു ചോദിച്ച കുട്ടിയെ കണ്ടക്ടര്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ വീട് നെടുങ്കണ്ടത്താണെന്നും കോട്ടയത്തിനു പോകുകയാണെന്നും പറഞ്ഞു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ കണ്ടക്ടറും ഡ്രൈവറും പ്ലാമൂടിനു സമീപം ബസ് നിര്‍ത്തി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു.മിനിറ്റുകള്‍ക്കുളളില്‍ കണ്ടക്ടറുടെ നമ്ബരിലേയ്ക്ക് കട്ടപ്പന പോലീസ് സ്റ്റേഷനില്‍ നിന്നു വിളിയെത്തി. ‘ഞങ്ങളിതാ വരുന്നു, ഒരു ഫോട്ടോ അയയ്ക്കുന്നുണ്ട്, ബസിലുളളത് ഈ കുഞ്ഞു തന്നെയാണോ എന്ന് പരിശോധിച്ച്, സുരക്ഷിതനായി നിര്‍ത്തൂ, നെടുങ്കണ്ടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കുട്ടിയെ കാണാതായിട്ടുണ്ട്’ എന്നാണ് പൊലീസ് പറഞ്ഞത്. ഫോട്ടോ കുട്ടിയുടേതെന്ന് ഉറപ്പിച്ചതോടെ പൊലീസ് എത്തി കുട്ടിയെ കൂട്ടുകയായിരുന്നു.മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിനു വീട്ടുകാര്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്നാണ് പതിനൊന്നുവയസ്സുകാരന്‍ വീടുവിട്ട് ഇറങ്ങിയത്. വീട്ടിനടുത്തുള്ള വഴിയില്‍നിന്ന് ബൈക്കിലും കാറിലും ലിഫ്റ്റ് ചോദിച്ച് കയറിയും കുറച്ചുദൂരം നടന്നും ലോക്കല്‍ ബസിലുമായാണ് ഈ ആറാംക്ലാസുകാരന്‍ കട്ടപ്പനയിലെത്തിയത്. അവിടെനിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ അറിയിച്ചതിനു പിന്നാലെയാണ് കണ്ടക്ടര്‍ കുട്ടിയുടെ കാര്യം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്നത്. രാത്രിതന്നെ കുട്ടിയെ സ്റ്റേഷനിലെത്തിച്ച് മാതാപിതാക്കളോടൊപ്പം വിട്ടയയ്ക്കുകയും ചെയ്തു.