കോട്ടയം: ഒരു യുവതിയെ സമര്‍ഥമായി കബളിപ്പിച്ചു തലയൂരാന്‍ ഒരുങ്ങുകയായിരുന്ന ഇബ്രാഹിം ബാദുഷ എന്ന യുവാവ് അകത്തായത് തികച്ചും നാടകീയമായി. കോട്ടയം മെഡിക്കല്‍ കോളജില്‍ നവജാത ശിശുവിനെ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചു പിടിയിലായ നീതുവിനെ ചോദ്യം ചെയ്തപ്പോഴാണ് അവിചാരിതമായി കാമുകന്‍ ഇബ്രാഹിം ബാദുഷയും ചിത്രത്തിലേക്കു വന്നത്.നീതു കുഞ്ഞിനെ തട്ടിയെടുത്തുകൊണ്ടുപോയ സംഭവം പുറത്തുവന്നതോടെ പോലീസിന്റെ സംശയം നീതുവിന്റെ പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നതായിരുന്നു. കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്ന ഏതെങ്കിലും റാക്കറ്റിന്റെ ഭാഗമാണോ നീതു എന്നും ആദ്യ ഘട്ടത്തില്‍ പോലീസ് സംശയിച്ചിരുന്നു. തുടര്‍ന്നാണ് നീതുവിനെ കൂടുതല്‍ ചോദ്യം ചെയ്തത്. ഇതോടെ കാമുകന്റെ കാര്യം തുറന്നു പറയാന്‍ നീതു നിര്‍ബന്ധിതയാവുകായായിരുന്നു. തട്ടിയെടുക്കല്‍ സംഭവത്തില്‍ കാമുകനു ബന്ധമൊന്നുമില്ലെന്നു വ്യക്തമായെങ്കിലും അല്‍്പം പോലും സമയം കളയാതെ പോലീസ് കാമുകനെ എറണാകുളത്തുനിന്നു പൊക്കി കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനില്‍ എത്തിച്ചു. ആദ്യ ഘട്ടത്തില്‍ കാമുകന്‍ ബാദുഷ ഈ കേസില്‍ നിരപരാധിയാണെന്ന നിലപാടിലായിരുന്നു പോലീസ് എങ്കിലും നീതു കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ തയാറായതോടെ നാടകീയമായി ബാദുഷ രണ്ടു കേസുകളില്‍ പ്രതിയായി മാറി. നീതുവില്‍നിന്നു 30 ലക്ഷം രൂപയും ആഭരണങ്ങളും വഞ്ചിച്ചെടുത്ത കേസിലും നീതുവിന്റെ കുട്ടിയെ മര്‍ദിച്ച കേസിലുമാണ് ബാദുഷ പെട്ടത്. ലക്ഷങ്ങളുടെ സമ്മാനങ്ങള്‍ നല്‍കിയിട്ടും കാമുകന്‍ തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന ഭയമാണ് നീതു ഗര്‍ഭിണിയാണെന്ന കഥയുണ്ടാക്കിയതും മെഡിക്കല്‍ കോളജില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും കാരണമെന്നു നീതു ഒടുവില്‍ തുറന്നു പറയുകയായിരുന്നു. പലപ്പോഴായി സ്വര്‍ണവും 30 ലക്ഷം രൂപയുമാണ് കാമുകന്‍ ഇബ്രാഹിമിനു നല്‍കിയതെന്നാണ് നീതു പോലീസിനു നല്‍കിയ മൊഴി. നീതു വിവാഹിതയും എട്ടു വയസുള്ള ആണ്‍കുട്ടിയുടെ അമ്മയുമാണ്. ഭര്‍ത്താവ് തിരുവല്ല കൂറ്റൂര്‍ സ്വദേശി സുധീഷ് തുര്‍ക്കിയിലെ എണ്ണക്കമ്പനിയിലാണ് ജോലി ചെയ്യുന്നത്. കളമശേരിയില്‍ വാടക വീട്ടില്‍ താമസിച്ചു വരുകയായിരുന്നു ഈ കുടുംബം. സുധീഷ് എല്ലാ മാസവും വീട്ടിലെത്താറുമുണ്ട്. ഇതിനിടയില്‍ ടിക് ടോക് വഴിയാണ് ഇബ്രാഹിം ബാദുഷ എന്ന 28 കാരനുമായി പരിചയപ്പെടുന്നത്. പരിചയം പ്രണയത്തിനു വഴിമാറി. പിന്നീട് ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലെ ജോലിക്കാരിയായി നീതു. ഇതിനിടെ നീതു ഗര്‍ഭിണിയായി. കാമുകന്റെ നിര്‍ദേശപ്രകാരം ഗര്‍ഭം അലസിപ്പിച്ചു. പിന്നീട് ഇബ്രാഹിം ബാദുഷയുമായി ചേര്‍ന്നു മറ്റൊരു സ്ഥാപനം തുടങ്ങി. ഇതിനിടയില്‍ നീതുവില്‍നിന്നു പലപ്പോഴായി ലക്ഷങ്ങള്‍ ഇബ്രാഹിം ബാദുഷ കൈക്കലാക്കിയിരുന്നു. നീതു രണ്ടാമതും ഗര്‍ഭിണിയായി. ഇക്കാര്യം ഇബ്രാഹിം ബാദുഷയ്ക്കും അറിയാമായിരുന്നു. ഇയാള്‍ അറിയാതെ നീതു ഗര്‍ഭം അലസിപ്പിച്ചെങ്കിലും വിവരം ബാദുഷയെ അറിയിച്ചിരുന്നില്ല. ഇതിനിടയില്‍ ബാദുഷയുടെ വിവാഹം ഉറപ്പിച്ചു. വിവരം അറിഞ്ഞ നീതു തന്നെ വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബാദുഷ തയാറായില്ല. തുടര്‍ന്നു താന്‍ ഗര്‍ഭിണിയാണെന്നും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രസവ ചികിത്സിയിലാണെന്നും നീതു പറഞ്ഞു. പിന്നീട് മെഡിക്കല്‍ കോളജിലെത്തി ഒരു കുട്ടിയെ തട്ടിയെടുക്കുവാനുള്ള പദ്ധതി ആലോചിക്കുകയായിരുന്നു. അങ്ങനെയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നീതു എത്തുന്നത്. കഴിഞ്ഞ നാലു മുതല്‍ ഇവര്‍ മെഡിക്കല്‍ കോളേജിനു സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചു വരികയായിരുന്നു. കൂടെ സ്വന്തം മകനും ഉണ്ടായിരുന്നു. ആറിന് ഉച്ചകഴിഞ്ഞ് 3.30ന് ഗൈനക്കോളജിയില്‍ എത്തി നവജാത ശിശുവിനെ തട്ടിയെടുത്തു താന്‍ താമസിച്ച മുറിയില്‍ എത്തിയ ശേഷം താന്‍ ഒരു പെണ്‍കുട്ടിക്കു ജന്മം നല്‍കിയെന്നു പറഞ്ഞ് തട്ടിയെടുത്ത കുഞ്ഞിന്റെ ഫോട്ടോ ബാദുഷായ്ക്കും സഹോദരിക്കും വാട്ട്‌സ് ആപ്പിലൂടെ അയച്ചു കൊടുത്തു. തന്നില്‍നിന്നു വാങ്ങിയ 30 ലക്ഷം രൂപയും സ്വര്‍ണാഭരണവും വാങ്ങുന്നതിനും ബാദുഷയുടെ കുട്ടിയാണെന്നു പറഞ്ഞാല്‍ അയാള്‍തന്നെ വിവാഹം കഴിക്കുമെന്നുള്ള വിശ്വാസമാണ് നവജാത ശിശുവിനെ തട്ടിയെടുക്കുവാന്‍ കാരണമെന്നാണ് നീതു പറയുന്നത്.