Home Breaking News ബാബു ഇന്ന് ആശുപത്രി വിട്ടേക്കും

ബാബു ഇന്ന് ആശുപത്രി വിട്ടേക്കും

4
0

മലമ്പുഴ ചെറാട് മലയിലെ പാറയിടുക്കില്‍ നിന്നും കരസേന രക്ഷപ്പെടുത്തിയ ബാബു ഇന്ന് ആശുപത്രി വിട്ടേക്കും. രാവിലെ ബാബുവിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടക്കുകയെന്ന് ഡിഎംഒ കെപി റീത്ത അറിയിച്ചു.ഇന്നലത്തെ പരിശോധനയില്‍ ബാബുവിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഭക്ഷണക്രമം കൃത്യമായതായി വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ രണ്ടു ദിവസത്തോളം ഭക്ഷണമില്ലാതെ കഴിയേണ്ടി വന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ പൂര്‍ണമായും ഭേദമായാലേ ആശുപത്രി വിടാനാകൂ. ബാബുവിന് കൗണ്‍സലിംഗ് ഉള്‍പ്പടെ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകള്‍ക്ക് ശേഷം സൈന്യമാണ് വ്യാഴാഴ്ച ഉച്ചയോടെ രക്ഷപ്പെടുത്തിയത്.തുടര്‍ന്ന് ഹെലികോപ്ടറില്‍ കഞ്ചിക്കോട് ഹെലിപാഡിലെത്തിച്ച ബാബുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കേരളം ഇതുവരെ കാണാത്ത രക്ഷാദൗത്യത്തിനാണ് ഫെബ്രുവരി 9ന് സാക്ഷ്യം വഹിച്ചത്.രക്ഷപ്പെടുത്തിയതിന് പിന്നാലെ ഊര്‍ജസ്വലനായിരുന്ന ബാബു എന്നാല്‍ വെള്ളം കുടിച്ചതിന് പിന്നാലെ രക്തം ഛര്‍ദിച്ചത് ആശങ്കയ്ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ഇന്നലെ ബാബു അറിയിച്ചു. ഉമ്മയോട് സംസാരിച്ചുവെന്നും നന്നായി ഉറങ്ങിയെന്നും ബാബു വ്യക്തമാക്കി. മികച്ച രീതിയിലുള്ള പരിചരണം ലഭിക്കുന്നുണ്ടെന്നും ബാബു പറഞ്ഞു. വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ചെന്നും ബാബു പറഞ്ഞു.നേരത്തെ ബാബുവിനെതിരെ കേസെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് നടപടി വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കേസ് ഒഴിവാക്കിയതില്‍ വകുപ്പ് മന്ത്രിയോട് ബാബുവിന്റെ ഉമ്മ നന്ദി പറഞ്ഞു. തങ്ങളെ ബുദ്ധിമുട്ടിക്കാതെ കേസില്‍ നിന്ന് ഒഴിവാക്കിയ മന്ത്രിക്ക് കോടാനുകോടി നന്ദിയെന്നാണ് ബാബുവിന്റെ ഉമ്മ റഷീദ പ്രതികരിച്ചത്. കേസെടുത്തേയ്ക്കും എന്ന വാര്‍ത്തകള്‍ അറിഞ്ഞപ്പോള്‍ മാനസിക ബുദ്ധിമുട്ടുണ്ടായതായും അവര്‍ പറഞ്ഞു. ഈ പ്രശ്നത്തിന്റെ പേരില്‍ ബാബുവിനെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കില്ലെന്നാണ് മന്ത്രി അറിയിച്ചത്. കേസെടുക്കുന്നതിനോട് പൊതു സമൂഹത്തിന് യോജിപ്പില്ല. അതേ നിലപാടിനൊപ്പം തന്നെയാണ് സര്‍ക്കാരെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here