ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗക്കേസില്‍ പൊലീസിന് നിര്‍ണായക മൊഴി നല്‍കിയ സാക്ഷികളില്‍ ഒരാളായ പൂച്ചാക്കല്‍ പള്ളിപ്പുറം സ്വദേശി ഫാ. കുര്യക്കോസ് കാട്ടുത്തറ മരിച്ചനിലയില്‍. ഇന്നു രാവിലെ ദൗസയിലെ പള്ളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. 60 വയസായിരുന്നു. മരണം ദുരൂഹമാണെന്നും പൊലീസ് അന്വേഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മേയില്‍ ഇദ്ദേഹത്തെ സ്ഥലം മാറ്റിയിരുന്നു. കന്യാസ്ത്രീയുടെ പരാതി വിവാദമായതിനു ശേഷമായിരുന്നു സ്ഥലംമാറ്റം.
അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വൈദികര്‍ ആരോപിച്ചു. ഫ്രാങ്കോ ജലന്ധറില്‍ തിരിച്ചെത്തിയ ശേഷം ഫ്രാങ്കോയ്‌ക്കൊപ്പമുള്ള വൈദികരും കന്യാസ്ത്രീകളും അദ്ദേഹത്തിന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും അതിഭീകരമായ രീതിയില്‍ ഇദ്ദേഹത്തെ കുറ്റപ്പെടുത്തിയിരുന്നുവെന്നും ഫാ.കുര്യക്കോസിന്റെ ബന്ധുവായ ഒരു വൈദികന്‍ അറിയിച്ചു.
ഫ്രാങ്കോയ്‌ക്കെതിരെ കടുത്ത നിലപാട് എടുത്തതിന്റെ പേരില്‍ മുന്‍പ് പല തവണയും ഇദ്ദേഹം പ്രതിഷേധം നേരിട്ടിരുന്നു.മാധ്യമങ്ങളിലൂടെ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായ വൈദികനുമാണ് ഇദ്ദേഹം. ഫാ.കുര്യാക്കോസിന് നേരെ ആക്രമണവും നടന്നതായി അവിടെ നിന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കടുത്ത രക്തസമ്മര്‍ദ്ദവും പ്രമേഹവും ഇദ്ദേഹത്തിനുണ്ട്.
പരാതിക്കാരിയായ കന്യാസ്ത്രീ അടക്കമുള്ളവരുടെ അധ്യാപകന്‍ കൂടിയാണ് ഇദ്ദേഹം. കന്യാസ്ത്രീക്ക് ഫാ. കുര്യാക്കോസ് സഹായങ്ങള്‍ നല്‍കിയിരുന്നു. ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തിരുന്നു. ബിഷപ്പിനെതിരെ അദ്ദേഹം മൊഴിയും നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടു വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് ഫാ. കുര്യാക്കോസ് കാട്ടുതറയെ ജലന്തറില്‍ ചോദ്യം ചെയ്തിരുന്നു. ഒന്‍പതു വൈദികരുടെ മൊഴിയാണ് അന്ന് പൊലീസ് എടുത്തത്. ഇതേത്തുടര്‍ന്ന് ഗുണ്ടകളുടെ ഭീഷണിയുണ്ടായിരുന്നെന്നും താമസ സ്ഥലത്തിനുനേരെ കല്ലെറിയുകയും വാഹനം തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു.
പത്തുമണിയോടെയാണ് തന്നെ ജലന്ധറിലുള്ള ബന്ധു മരണവിവരം വിളിച്ചറിയിച്ചതെന്നു ഫാ. കുര്യാക്കോസ് കാട്ടുതറയിലിന്റെ സഹോദരന്‍ ജോണി കാട്ടുതറ പറഞ്ഞു. നേരത്തേ, വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തത് ഉള്‍പ്പടെയുള്ള ആക്രമണത്തിന് അദ്ദേഹം ഇരയായിരുന്നു. ബിഷപ്പിനെതിരെ പൊലീസില്‍ മൊഴി നല്‍കുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തതിന്റെ പേരില്‍ അദ്ദേഹത്തിനു നേരത്തെ മുതല്‍ തന്നെ ഭീഷണിയുണ്ടായിരുന്നു. മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആവശ്യപ്പെടുമെന്നും അതിനുള്ള നീക്കം നടത്തിയെന്നും സഹോദരന്‍ ജോണി കാട്ടുതറയില്‍ വെളിപ്പെടുത്തി.
കന്യാസ്ത്രീയുടെ പരാതി സഭയ്ക്കുള്ളില്‍ ഒതുക്കിത്തീര്‍ക്കാന്‍ ബിഷപ്പ് ശ്രമിച്ചെന്ന ആരോപണം നേരത്തെ ഫാ. കുര്യാക്കോസ് കാട്ടുതറ ഉന്നയിച്ചിരുന്നു. നിരവധി കന്യാസ്ത്രീകള്‍ നേരത്തെ കരഞ്ഞുകൊണ്ട് ബിഷപ്പിനെതിരെ പരാതിയുമായി തന്നെ സമീപിച്ചിരുന്നെന്നും ബിഷപ്പിനെതിരെ സംസാരിക്കാന്‍ കന്യാസ്ത്രീമാര്‍ ഭയപ്പെട്ടിരുന്നെന്നും പരാതി പറഞ്ഞവരെ ബിഷപ്പ് തേജോവധം ചെയ്‌തെന്നും ബിഷപ്പ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയിരുന്നു.








