നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തില്‍ ബി.ഡി.ജെ. എസ്. സ്വതന്ത്രന്റെ പിന്തുണയോടെ ഭരണം തിരിച്ചുപിടിച്ച് യു.ഡി.എഫ്. പ്രസിഡന്റായി കോണ്‍ഗ്രസിലെ മിനി പ്രിന്‍സിനേയും വൈസ് പ്രസിഡന്റായി ബി.ഡി.ജെ.എസ്. സ്വതന്ത്രന്‍ പി.ആര്‍. ബിനുവിനെയും തെരഞ്ഞെടുത്തു. എട്ടിനെതിരെ ഒന്‍പത് വോട്ടുകള്‍ക്കായിരുന്നു ഇരുവരുടെയും വിജയം. തെരഞ്ഞെടുപ്പില്‍ ഉടുമ്ബന്‍ചോല താലൂക്ക് സപ്ലൈ ഓഫീസര്‍ വരണാധികാരിയായിരുന്നു.പഞ്ചായത്ത് ഹാളില്‍ രാവിലെ 11ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗം റാബി സിദ്ദിഖ് മിനി പ്രിന്‍സിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചു. നടരാജപിള്ള പിന്‍താങ്ങി. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മുന്‍ പ്രസിഡന്റ് വിന്‍സി വാവച്ചനെ സി.എം. ബാലകൃഷ്ണന്‍ നിര്‍ദേശിക്കുകയും സതി അനില്‍കുമാര്‍ പിന്താങ്ങുകയും ചെയ്തു.വോട്ടെടുപ്പില്‍ ബി.ഡി.ജെ.എസ്. സ്വതന്ത്രന്റെ പിന്തുണയോടെ മിനി പ്രിന്‍സ് വിജയിക്കുകയായിരുന്നു. തുടര്‍ന്ന് ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യുവിന്റെ നേതൃത്വത്തില്‍ മിനി പ്രിന്‍സിന് സ്വീകരണം നല്‍കി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടാര്‍ ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി. പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വരണാധികാരി പഞ്ചായത്ത് പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ് കരുണാപുരം മണ്ഡലം പ്രസിഡന്റ്, മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്, ഗാന്ധിദര്‍ശന്‍വേദി സംസ്ഥാന കോ-ഓഡിനേറ്റര്‍ എന്നീ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നയാളാണ് മിനി പ്രിന്‍സ്. മുന്‍പ് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അനുമോദന യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷ റാബി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു, കെ.പി.സി.സി സെക്രട്ടറി എം.എന്‍. ഗോപി, പഞ്ചായത്ത് അംഗങ്ങളായ വി.സി. അനില്‍, വിന്‍സി വാവച്ചന്‍, സി.എം. ബാലകൃഷ്ണന്‍, ശോഭനാമ്മ ഗോപിനാഥന്‍, മാത്തുക്കുട്ടി മറ്റപ്പള്ളില്‍ ജെയ് തോമസ്, നേതാക്കളായ സി.എസ്. യശോധരന്‍, ഷൈജന്‍ ജോര്‍ജ്, ശിവപ്രസാദ് തണ്ണിപാറ, ടോമി പ്ലാവുവച്ചതില്‍ എന്നിവര്‍ പ്രസംഗിച്ചു.ഉച്ചകഴിഞ്ഞ് രണ്ടിന് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ്. സ്വതന്ത്രനായ പി.ആര്‍.ബിനുവിന്റെ പേര് കോണ്‍ഗ്രസ് അംഗമായ ജെയ് തോമസ് നിര്‍ദേശിക്കുകയും സുനില്‍ പൂതക്കുഴി പിന്താങ്ങുകയും ചെയ്തു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മുന്‍ വൈസ് പ്രസിഡന്റായിരുന്ന കെ.ടി. സാലിയുടെ പേര് വി.സി. അനില്‍ നിര്‍ദേശിക്കുകയും മാത്തുക്കുട്ടി മറ്റപ്പള്ളില്‍ പിന്‍താങ്ങുകയും ചെയ്തു. യു.ഡി.എഫ്. അംഗങ്ങളെല്ലാം അനുകൂലമായി വോട്ട് ചെയ്തതോടെ ബിനുവിനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു. അതേസമയം പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയിലും, അനുമോദന യോഗത്തിലും പങ്കെടുത്ത ഇടത് അംഗങ്ങള്‍ യു.ഡി.എഫ്.-എന്‍.ഡി.എ.സഖ്യം കരുണാപുരത്ത് മറനീക്കി പുറത്തുവന്നതായി ആരോപിച്ച് വൈസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ചു. തുടര്‍ന്ന് കൂട്ടാര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പഞ്ചായത്തിന് മുന്നില്‍ വന്‍ പോലീസ് സന്നാഹത്തെ ഏര്‍പ്പെടുത്തിയിരുന്നു.വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ മാലയിട്ട് അദ്ദേഹത്തെ സ്വീകരിച്ചു. വൈസ് പ്രസിഡന്റിന്റെ അനുമോദിന ചടങ്ങില്‍ പ്രസിഡന്റ് മിനി പ്രിന്‍സ് അധ്യക്ഷത വഹിച്ചു.ബി.ഡി.ജെ.എസ് ജില്ലാ ട്രഷറര്‍ സന്തോഷ് മാധവന്‍, പഞ്ചായത്ത് അംഗങ്ങള്‍ യു.ഡി.എഫ് ബി.ജെ.പി പ്രവര്‍ത്തകരും പങ്കെടുത്തു. എല്‍.ഡി.എഫ്. ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് മെമ്ബര്‍മാര്‍ കഴിഞ്ഞ മാസം അവതരിപ്പിച്ച അവിശ്വാസപ്രമേയം ബി.ഡി.ജെ.എസ്.സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെയാണ് പാസായത്.എല്‍.ഡി.എഫ്. ഭരണത്തില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിനോ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ സാധിക്കുന്നില്ലെന്നും സ്ഥിരം സമിതികളെ നോക്കുകുത്തികളാക്കി ജനാധിപത്യ സംവിധാനം അട്ടിമറിക്കുന്നതായും കാണിച്ചാണ് യു.ഡി.എഫ്. അംഗങ്ങള്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം വനിത സംവരണമാണ്. പഞ്ചായത്ത് രൂപികരിച്ചതിന് ശേഷം തുടര്‍ച്ചയായി മൂന്ന് പതിറ്റാണ്ട് ഇടത് മുന്നണിയാണ് പഞ്ചായത്ത് ഭരിച്ചത്. കഴിഞ്ഞ പത്തു വര്‍ഷം യു.ഡി.എഫും ഭരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…