കട്ടപ്പന: കുമളിമൂന്നാര്‍ സംസ്ഥാന പാതയില്‍ ബൊലേറോയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ യാത്രികരായ കട്ടപ്പന പാറക്കടവ് പാറക്കോട്ടില്‍ ജയന്‍(46), ഭാര്യ നോജി(42), മക്കളായ അഞ്ജു(14), ആദിത്യന്‍(11) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 7.30 ഓടെ പുളിയന്‍മലയിലാണ് അപകടം. പുളിയന്‍മലയില്‍ നിന്ന് ആമയാര്‍ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൊലേറോ മറ്റൊരു ലോറിയെ മറികടക്കുന്നതിനിടെ എതിരെ വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. വെട്ടിച്ചുമാറ്റുന്നതിനിടെ ബൊലേറോയുടെ പിന്‍ഭാഗമാണ് ഓട്ടോറിക്ഷയുടെ മുന്‍വശത്ത് ഇടിച്ചത്.
ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ജീപ്പിന്റെ പിന്‍ഭാഗത്തും സാരമായ കേടുപാട് സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റ ജയന്‍, നോജി, അഞ്ജു എന്നിവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആദിത്യന്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കട്ടപ്പന പൊലീസ് സ്ഥലതെത്തി മേല്‍നടപടി സ്വീകരിച്ചു.