
വാഷിങ്ടണ്‍: ഇംഗ്ലീഷിനെ യു.എസ്സിന്റെ ഔദ്യോഗിക ഭാഷയാക്കാനുള്ള നീക്കവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിനായുള്ള എക്സിക്യുട്ടീവ് ഉത്തരവില്‍ ട്രംപ് വെള്ളിയാഴ്ച രാത്രിയോടെ ഒപ്പുവെച്ചേക്കുമെന്ന് വൈറ്റ്ഹൗസ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.പി. റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാരും സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്ന ഏജന്‍സികളും ഇംഗ്ലീഷ് സംസാരിക്കാത്തവര്‍ക്ക് ഭാഷാസഹായം ലഭ്യമാക്കണമെന്ന മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കുന്നതാകും ട്രംപിന്റെ ഉത്തരവ് എന്നാണ് റിപ്പോര്‍ട്ട്.
ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയാക്കുന്നതിലൂടെ രാജ്യത്തെ ഐക്യം ഊട്ടിയുറപ്പാക്കാനും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കാനും സാധിക്കുമെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. നിലവില്‍ യു.എസ്സിലെ 50 സംസ്ഥാനങ്ങളില്‍ 30-ലേറെ സംസ്ഥാനങ്ങളും ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള നിയമം പാസാക്കിയവയാണെന്നാണ് ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയാക്കണമെന്ന് ആവശ്യപ്പെടുന്ന സംഘമായ യു.എസ്. ഇംഗ്ലീഷ് പറയുന്നത്. പതിറ്റാണ്ടുകളായി യു.എസ്. കോണ്‍ഗ്രസിലെ അംഗങ്ങള്‍ ഇംഗ്ലീഷ് ഔദ്യോഗികഭാഷയാക്കാനായുള്ള നിയമനിര്‍മ്മാണത്തിനായി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല.
ഡൊണാള്‍ഡ് ട്രംപ് യു.എസ്. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം വൈറ്റ്ഹൗസിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ സ്പാനിഷ് ഭാഷയിലുള്ള പതിപ്പ് നീക്കം ചെയ്തിരുന്നു. സ്പാനിഷ് സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ന് ഇതില്‍ ആശങ്ക പ്രകടിപ്പിച്ചു. വെബ്സൈറ്റിന്റെ സ്പാനിഷ് പതിപ്പ് ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് അന്ന് വൈറ്റ്ഹൗസ് ഉറപ്പുനല്‍കിയെങ്കിലും അത് ഇതുവരെ നടപ്പായിട്ടില്ല. നേരത്തേ ആദ്യതവണ പ്രസിഡന്റായപ്പോഴും ട്രംപ് വൈറ്റ്ഹൗസ് വെബ്സൈറ്റിന്റെ സ്പാനിഷ് പതിപ്പ് നീക്കം ചെയ്തിരുന്നു. പിന്നീട് വന്ന ബൈഡന്‍ ഭരണകൂടമാണ് ഇത് പുനഃസ്ഥാപിച്ചത്.
ദൈനംദിനകാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഉപയോഗിക്കുന്ന ഭാഷയാണ് ഔദ്യോഗിക ഭാഷ എന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആന്‍ഡ് ഇലക്ടറല്‍ അസിസ്റ്റന്‍സ് (ഐ.ഡി.ഇ.എ) പറയുന്നത്. യു.എസ്. സെന്‍സസ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യത്ത് 350-ലേറെ ഭാഷകള്‍ സംസാരിക്കുന്നവരാണ് നിലവിലുള്ളത്. ഒരു ഭാഷയ്ക്ക് മാത്രം മുന്‍ഗണന നല്‍കുകയും ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കുകയും ചെയ്യുന്നതിലൂടെ കുറച്ചാളുകള്‍ക്ക് മാത്രം അധികാരം കയ്യാളാന്‍ സാധിക്കുന്ന അവസ്ഥയുണ്ടാക്കുമെന്നും ആ ഭാഷ സംസാരിക്കാത്തവര്‍ പുറന്തള്ളപ്പെടുമെന്നും ഐ.ഡി.ഇ.എ. പറയുന്നു.
ഫെഡറല്‍ ആശയവിനിമയത്തിനായുള്ള ഭാഷ ഒരെണ്ണമായി ചുരുക്കുന്നത് ആളുകള്‍ക്ക് പൗരത്വം നിഷേധിക്കപ്പെടാന്‍ കാരണമാകുമെന്ന് കുടിയേറ്റക്കാര്‍ക്കുവേണ്ടി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് വീ ഡ്രീം എന്ന സംഘടനയുടെ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ അനബെല്‍ മെന്‍ഡോസ പറയുന്നു. പൗരത്വം നേടാനുള്ള അഭിമുഖത്തിന് ഉള്‍പ്പെടെ സ്വന്തം ഭാഷ ഉപയോഗിക്കാനുള്ള സൗകര്യം ആളുകള്‍ക്ക് ഇപ്പോഴുണ്ട്. ഔദ്യോഗിക ഭാഷ വരുന്നതോടെ ഇത് ഇല്ലാതാകുമെന്നും അവര്‍ പറയുന്നു.
‘വെള്ളക്കാരോ സമ്പന്നരോ ഇംഗ്ലീഷ് സംസാരിക്കുന്നവരോ അല്ലെങ്കില്‍ നിങ്ങള്‍ ഇവിടെ തുടരാന്‍ പാടില്ല എന്ന സന്ദേശം നല്‍കാനാണ് ട്രംപ് ശ്രമിക്കുന്നത്. ഞാന്‍ വ്യക്തമായി പറയട്ടെ, ഇവിടെ കുടിയേറ്റക്കാരുണ്ട്. ട്രംപ് എത്ര ശ്രമിച്ചാലും ഞങ്ങളെ ഇല്ലാതാക്കാന്‍ കഴിയില്ല.’ -അനബെല്‍ മെന്‍ഡോസ പറഞ്ഞു.
നിലവില്‍ ലോകത്തെ 170 രാജ്യങ്ങള്‍ക്കാണ് ഔദ്യോഗിക ഭാഷയുള്ളത്. രണ്ട് ഔദ്യോഗിക ഭാഷകളുള്ള ചില രാജ്യങ്ങളുമുണ്ട്. മെക്സിക്കോയ്ക്ക് ഔദ്യോഗിക ഭാഷയില്ല. അതേസമയം ഇംഗ്ലീഷും ഫ്രഞ്ചും കാനഡയുടെ ഔദ്യോഗിക ഭാഷകളാണ്.




