Kerala Pranamam

മധ്യപ്രദേശില്‍ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി

ഭോപാല്‍: മധ്യപ്രദേശില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. സെപ്റ്റംബര്‍ 12ന് ഭോപാലിലെ ഗുന്‍ഗ പ്രദേശത്താണ് സംഭവം. റായ്‌സന്‍ ജില്ലയിലെ സാഞ്ചി സ്വദേശിനിയായ 10ക്ലാസുകാരിയെയാണ് മൂന്ന്‌പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. റായ്‌സന്‍ ജില്ലയിലെ മഹിള പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കേസിലെ പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. അസുഖബാധിതയായ സഹോദരിയെ സഹായിക്കാനായാണ് പെണ്‍കുട്ടി ഗുന്‍ഗയില്‍ എത്തിയത്. സംഭവം നടക്കുമേ്ബാള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മതപരമായ സംഭാവന സ്വീകരിക്കാനായി എത്തിയതായിരുന്നു പ്രതികള്‍. മൂന്ന് പ്രതികളെയും തിരിച്ചറിയാനാകുമെന്ന് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. രണ്ടുപ്രതികള്‍ ബലാത്സംഗം ചെയ്തപ്പോള്‍ മൂന്നാമന്‍ അത് മൊബൈലില്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് പരാതി. പരാതി നല്‍കിയാല്‍ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. റായ്‌സനിലെ സ്വന്തം വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടി സംഭവം പിതാവിനോട് വിവരിക്കുകയായിരുന്നു. ശേഷം ഇരുവരും സാഞ്ചിയിലെ പൊലീസ് സ്‌റ്റേഷനിലെത്തി. ഇവിടെ നിന്നാണ് റായ്‌സനിലെ മഹിള പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ നിര്‍ദേശം ലഭിച്ചത്.