വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സ്വീകരിക്കാന്‍ പടക്കം പൊട്ടിച്ചതും ചെണ്ടമേളം നടത്തിയതും വിവാദത്തില്‍. ആശുപത്രിവളപ്പില്‍ അത്യാഹിത വിഭാഗത്തോട് ചേര്‍ന്നായിരുന്നു പടക്കംപൊട്ടിക്കലും ചെണ്ടമേളവും. സാധാരണഗതിയില്‍ ഇത്തരം കാര്യങ്ങള്‍ ആശുപത്രികളില്‍ ഉണ്ടാകാറില്ലെന്ന് ആയിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.
സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്, ഒ.പി.ഡി ട്രാന്‍സ്‌ഫോര്‍മേഷന്‍, നവീകരിച്ച പി.പി യൂണിറ്റ്, ലാബ് എന്നിവയുടെ ഉദ്ഘാടനത്തിനാണ് മന്ത്രി വീണാ ജോര്‍ജ് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എത്തിയത്. ചെണ്ടമേളത്തിന്റെ അകമ്പടിയില്‍ മന്ത്രിയെ സ്വീകരിച്ചു. ആശുപത്രി കോമ്പൗണ്ടില്‍ അത്യാഹിത വിഭാഗത്തോട് ചേര്‍ന്നായിരുന്നു പടക്കം പൊട്ടിച്ചത്.
ഈ സമയം ആശുപത്രിയില്‍ രോഗികള്‍ ഉണ്ടായിരുന്നു. പ്രസംഗത്തില്‍ ആരോഗ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടി.ചികിത്സാരംഗത്ത് വയനാട് ജില്ലയിലെ സ്വയംപര്യാപ്തമാക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മാനന്തവാടി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.



